Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കു നേരെ വ്യാപക ആക്രമണം: ഒരു മരണം

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിം വിഭാഗത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അരങ്ങേറിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം ഭാഗികമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു ശേഷമാണ് രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്. സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

മുസ്‌ലിംകളുടെ പേരിലുള്ള കടകളും മുസ്‌ലിം പേരുകളുള്ള വ്യാപാര സ്ഥാപനങ്ങളും പള്ളികളും അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഇവരുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇനി ഒരു മുന്നറിയിപ്പ് നല്‍കുന്നത് വരെ കര്‍ഫ്യൂ നിലനില്‍ക്കുമെന്ന് പൊലിസ് അറിയിച്ചു.

ആക്രമികളെ പിരിച്ചുവിടാന്‍ പൊലിസ് വിവിധ നഗരങ്ങളില്‍ ആകാശത്തേക്ക് വെടിവെച്ചു. ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പരമാവധി സൈന്യത്തെ ഉപയോഗിച്ച് സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പൊലിസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഇപ്പോള്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗ പറഞ്ഞു. നേരത്തെ മുസ്‌ലിംകള്‍ക്കു നേരെ സിംഹള വിഭാഗത്തിന്റെ ആക്രമണമുണ്ടായിരുന്നു.

Related Articles