Current Date

Search
Close this search box.
Search
Close this search box.

അതിഥി തൊഴിലാളികളുടെ മേല്‍നോട്ടത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: കൊറോണ ഭീതിയെ മറികടക്കാന്‍ കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലുള്ള ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രസ്തുത ഇടപെടല്‍ വേണ്ട രീതിയില്‍ ഫലപ്രദമായിട്ടില്ല എന്നത് തന്നെയാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പറഞ്ഞു. പ്രധാനമായും ഭക്ഷണം തന്നെയാണ് അവരുടെ പ്രധാന പ്രശ്നം. നിലവില്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ടിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടില്ല. മാത്രവുമല്ല സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് തൊഴിലാളികളുടെ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ അവര്‍ക്ക് ഭക്ഷണമൊരുക്കണമെന്നാണ്. ഈ നടപടി ഒട്ടും പ്രായോഗികമല്ല, മാത്രവുമല്ല അവര്‍ പട്ടിണിയാവാനും സാധ്യതയുണ്ട്.

അതിനാല്‍, അതിഥി തൊഴിലാളികള്‍ക്ക് അവരുടെ തന്നെ മേല്‍നോട്ടത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിന്റെ ചുമതലയും, വിഭവങ്ങള്‍ എത്തിച്ചു നല്‍കാനുള്ള ഉത്തരവാദിത്തവും തദ്ദേശ ഭരണകൂടങ്ങള്‍ക്ക് നല്‍കുകയും കോണ്‍ട്രാക്ടര്‍മാരേയും, സന്നദ്ധ സേവകരേയും ഇതിനോട് സഹകരിപ്പിക്കുകയും ചെയ്യണം.

മറ്റൊരു പ്രധാന വിഷയം അവരുടെ താമസത്തെക്കുറിച്ചാണ്. ധാരാളം പേര്‍ കൂട്ടം കൂടി ഒരുമിച്ച് കഴിയുന്ന രീതിയാണവര്‍ക്കുള്ളത്. 10 പേര്‍ക്ക് താമസിക്കാവുന്നിടത്ത് 60 ലധികം പേര്‍ ഒരുമിച്ച് കഴിയുന്ന സാഹചര്യമുണ്ട്. ഈ സവിശേഷ സാഹചര്യത്തില്‍ സ്‌കൂളുകളും, കമ്യൂണിറ്റി ഹാളുകളും ഒരുക്കി ഇവര്‍ക്ക് താമസിക്കാനുള്ള കൂടുതല്‍ സൗകര്യം ഒരുക്കുകയും നല്ലൊരു ശതമാനം അതിഥി തൊഴിലാളികളെ അത്തരം ഷെല്‍റ്ററുകളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേരളത്തിന്റെ മൊത്തം സാമൂഹിക ആരോഗ്യ അന്തരീക്ഷത്തിന് ഇത് ഗുണം ചെയ്യുമെന്നും സോളിഡാരിറ്റി അഭിപ്രായപ്പെട്ടു.

Related Articles