Current Date

Search
Close this search box.
Search
Close this search box.

കരീം മുസ്‌ലിയാര്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം: സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിക്കുക

കാസര്‍കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പിച്ച കരീം മുസ്‌ലിയാരെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് സന്ദര്‍ശിച്ചു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ കരിം മുസ്‌ലിയാര്‍ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണ്. അളിയന്‍ സിദ്ധീഖിന്റെ വീട്ടിലാണ് ഇപ്പോള്‍ അദ്ദേഹം വിശ്രമിക്കുന്നത്. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, സംസ്ഥാന സമിതിയംഗം സാദിഖ് ഉളിയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ പള്ളിക്കര, റാഷിദ് എന്നിവര്‍ പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കരിം മുസ്‌ലിയാര്‍ ഒരു മാസത്തിലധികം മംഗലാപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ജീവന് തന്നെ ഭീഷണിയുണ്ടായിരുന്ന ഘട്ടവുമുണ്ടായിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ ഇത്രയും ക്രൂരമായ അക്രമം നടന്നിട്ടും മുഖ്യപ്രതികളെ പിടിക്കാനോ സംഭവത്തില്‍ ഉചിതമായ നടപടികളെടുക്കാനോ പൊലീസിനും അധികാരികള്‍ക്കും സാധിച്ചിട്ടില്ല. അറസ്റ്റ് ചെയ്തവര്‍ പുറത്തിറങ്ങുകയും ചെയതു. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും പി.എം സാലിഹ് പറഞ്ഞു.

സര്‍ക്കാറും ഔദ്യോഗിക സംവിധാനങ്ങളും ഇതുവരെ കരിം മുസ്‌ലിയാരെ സന്ദര്‍ശിക്കാനോ പരിഗണിക്കാനോ തയ്യാറായിട്ടില്ല. ഹര്‍ത്താലില്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കല്‍ സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനാല്‍ കരിം മുസ്ലിയാരുടെ ചികിത്സക്കും മറ്റുമുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ നല്‍കണം. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളുടെ നഷ്ടപരിഹാരം സംഘ്പരിവാറില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുകയും ചെയ്യണം. മാത്രമല്ല, കരിം മുസ്ലിയാരുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇത്തരം നടപടികൂടി പൂര്‍ത്തീകരിച്ചാലേ കരിം മുസ്ലിയാര്‍ക്ക് നീതി ലഭ്യമായെന്ന് പറയാനാകൂ. അലംഭാവം അവസാനിപ്പിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാറും അധികാരികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles