Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി മൗലികവാദമല്ല, പ്രകൃതിയോടിണങ്ങിയ ജീവിതരീതിയാണ് വേണ്ടത്: സോളിഡാരിറ്റി സെമിനാര്‍

കോഴിക്കോട്: മനുഷ്യന്റെ നിലനില്‍പ്പിനും ജീവന്‍ നിലനില്‍ക്കാനും പ്രകൃതിയുടെ നിലനില്‍പ് അനിവാര്യമാണെന്നും ഈ പ്രപഞ്ചത്തെ സന്തുലിതമായാണ് സൃഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്, ആ സംവിധാനത്തോട് ഇണങ്ങിയ ജീവിത ശൈലി മനുഷ്യന്‍ പരിശീലിക്കുകയാണ് ചെയ്യേണ്ടതെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ‘ഇസ്വ്‌ലാഹ്, ഫസാദ്: പരിസ്ഥിതി രാഷട്രീയവും ഇസ്ലാമും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

പ്രകൃതിയുടെ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള മനുഷ്യ ജീവിതം ഇവിടെയുണ്ടായാല്‍ മാത്രമേ പ്രകൃതിയുടെ നിലനില്‍പ് സാധ്യമാകുകയുള്ളൂ. ഈ സന്തുലിതമായ ജീവിത പാഠമാണ് പ്രളയം പോലുള്ള സംഭവങ്ങള്‍ നമുക്ക് നല്‍കുന്നത്. പ്രകൃതി വിഭവങ്ങള്‍ പരിസ്ഥിതി മലികവാദത്തിന്റെയും മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും പേരില്‍ ഉപയോഗിക്കുന്നത് തന്നെ എതിര്‍ക്കുന്നത് ശരിയല്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

‘മഴ പെയ്യും ഇനിയും പുഴയുമൊഴുകും, വേണ്ടത് സന്തുലിത ജീവിതപാഠം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പരിസ്ഥിതി സാക്ഷരതാ കാലം ക്യാംപയിന്റെ ഭാഗമായാണ് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

മനുഷ്യന് ഉപയോഗിക്കാനും അനുഭവിക്കാനുമാണ് പ്രപഞ്ചത്തിലെ സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രപഞ്ചത്തിന്റെ വ്യവസ്ഥയും സന്തുലിതത്വവും തകര്‍ക്കുന്നതാകരുത് നമ്മുടെ ഉപയോഗം. ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ജീവിത വിഭവങ്ങളിവിടെയുണ്ട്. എന്നാല്‍ അസന്തുലിതമായ ഉപഭോഗമാണ് പ്രകൃതിയുടെ വ്യവസ്ഥയെ താളം തെറ്റിക്കുകയും ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നത്.

അതിനാല്‍ വിശ്വാസത്തെയും ആത്മീയതയെയും അടിസ്ഥാനമാക്കിയുള്ളൊരു പരിസ്ഥിതി സമീപനം വളര്‍ന്നു വരേണ്ടതുണ്ടെന്നും സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ച സെമിനാറില്‍ അബ്ദുല്‍ വാസിഹ് ധര്‍മഗിരി വിഷയമവതരിപ്പിച്ചു. ബോധനം എഡിറ്റര്‍ ലത്വീഫ് കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ഐ.എസ്.എം സംസ്ഥാന സമിതിയംഗം മുസ്തഫാ തന്‍വീര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അലിഫ് ശുക്കൂര്‍ സ്വാഗതവും കോഴിക്കോട് സിറ്റി പ്രസിഡന്റ് അഷ്‌ക്കറലി നന്ദിയും പറഞ്ഞു.

Related Articles