Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയുടെ ജെന്‍ഡര്‍ അവാര്‍ഡുകള്‍ മുഴുവന്‍ പുരുഷന്മാര്‍ക്കെന്ന് വിമര്‍ശനം

അബൂദാബി: യു.എ.ഇ ഭരണകൂടം ഏര്‍പ്പെടുത്തിയ ജെന്‍ഡര്‍ അവാര്‍ഡുകള്‍ മുഴുവന്‍ പുരുഷന്മാര്‍ക്കെന്ന് വിമര്‍ശനം. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് യു.എ.ഇയുടെ പുരുഷ മേധാവിത്വത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്.

ജോലി സ്ഥലങ്ങളില്‍ ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുഴുവന്‍ പുരുഷന്മാരാണ് അര്‍ഹരായത്. യു.എ.ഇ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതിനെ അംഗീകരിച്ചുകൊണ്ടാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ച അവാര്‍ഡ് വിജയികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ധനകാര്യ മന്ത്രാലയത്തിനും എച്ച്.ആര്‍ മന്ത്രാലയത്തിനും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിക്കുമാണ് അവാര്‍ഡുകള്‍ നല്‍കിയത്. എല്ലാ വിഭാഗത്തില്‍ നിന്നും അവാര്‍ഡ് വാങ്ങാനെത്തിയത് പുരുഷ പ്രതിനിധികളാണ്.

അതേസമയം, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ എമിറേറ്റിലെ സ്ത്രീകള്‍ അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അല്‍ മക്തൂം അവാര്‍ഡ് ദാന ചടങ്ങില്‍ പറഞ്ഞു. ലിംഗ സമത്വം എന്നത് നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രധാന സ്തംഭമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ സൈന്യത്തിലെ വനിതകള്‍ക്ക് പ്രസവാവധി നടപ്പിലാക്കിയ യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് സായിഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ലിംഗ സമത്വത്തിന് മുന്‍കൈയെടുത്തിനുള്ള മികച്ച വ്യക്തിത്വത്തിനുള്ള അവാര്‍ഡിനും അര്‍ഹനായിരുന്നു. സ്ത്രീകളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെതിരെയും എല്ലാ അവാര്‍ഡുകളും ഏറ്റുവാങ്ങിയത് പുരുഷന്മാരായതിനെയും ലിംഗസമത്വത്തിനുള്ള ഏറ്റവും മികച്ച അവാര്‍ഡ് ആണിതെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണുയരുന്നത്.

Related Articles