Current Date

Search
Close this search box.
Search
Close this search box.

ഒ.ബി.സി സംവരണ അട്ടിമറി നിയമപരമായി നേരിടും: എസ്.ഐ.ഒ

കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി. മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം ഒ.ബി.സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സീറ്റുകളാണ് ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത്. 2017-18, 2018-19, 2019-20 വര്‍ഷ കാലയളവില്‍ എം.ബി.ബി.എസ്, എം.ഡി കോഴ്‌സുകളിലായി ഒ.ബി.സി വിഭാഗക്കാരുടെ 11000 ലധികം സീറ്റുകളാണ് ഇത്തരത്തില്‍ നഷ്ട്ടപെട്ടത്.

സംഘ്പരിവാറിന്റെ സംവരണ വിരുദ്ധ നയങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അട്ടിമറി നടത്തിയിട്ടുള്ളത്. മണ്ഡല്‍ കമീഷന്‍ പ്രകാരം 27 ശതമാനമാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെ പിന്നാക്ക സംവരണം. സംസ്ഥാന ക്വാട്ടയില്‍ ഈ സംവരണ മാനദണ്ഡം പാലിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. കേരളത്തില്‍ ഇത്തരത്തില്‍ എത്ര സീറ്റ് ഒബിസി വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കേരള ഉന്നത വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയും കണക്കുകള്‍ പുറത്ത് വിടുകയും വേണം.

കേന്ദ്ര സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. ആയിരക്കണക്കിന് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവകാശത്തെ റദ്ദു ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വരേണ്ടതുണ്ട്. ഇത്തരത്തിലുള്ള സംവരണ നിഷേധത്തെ എസ്.ഐ.ഒ സമാന മനസ്‌കരുമായി ചേര്‍ന്ന് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സാലിഹ് കോട്ടപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Related Articles