Current Date

Search
Close this search box.
Search
Close this search box.

കരീം മുസ്‌ലിയാര്‍ക്ക് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കും: എസ്.ഐ.ഒ

കാസര്‍ഗോഡ്: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ നടന്ന ആര്‍ എസ് എസ് ആക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്ല്യാര്‍ക്ക് നിയമ പോരാട്ടത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി.

ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരീം മുസ്ലിയാരെ എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ ബായാര്‍ പള്ളിയിലെ ഇമാമായി ജോലി ചെയ്യുന്ന കരീം മുസ്ലിയാര്‍ ബൈക്കില്‍ സഞ്ചരിക്കവേ ആര്‍.എസ്.എസുകാര്‍ ആണികള്‍ തറച്ച പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നാല്‍പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പതിനൊന്ന് പേര്‍ മാത്രമാണ് ഇത് വരെ അറസ്റ്റ് ചെയ്യപ്പെട്ടത്. വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മുഖ്യ പ്രതികളക്കം മുഴുവന്‍ പേരെയും പിടികൂടാത്തത് അന്വേഷണ സംഘത്തിന്റെ അനാസ്ഥ കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുപാട് സംഘടനകളും വ്യക്തികളും ചികിത്സാ ചിലവിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കൃത്യമായ നിയമ ഇടപെടലുകള്‍ നടത്താന്‍ കുടുംബത്തിന് നിയമസഹായങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈയൊരവസരത്തിലാണ് ലഭ്യമായ നിയമ സഹായങ്ങള്‍ നല്‍കാന്‍ എസ്.ഐ.ഒ മുന്നിട്ടിറങ്ങുന്നത്. നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ മുഴുവന്‍ സംഘടനകളുമായും പൗരസമൂഹവുമായും ചേര്‍ന്ന് രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനും എസ്.ഐ.ഒ ശ്രമിക്കും. ഇതിനായി ഒരു പ്ലാറ്റ്‌ഫോമില്‍ യോജിച്ച് കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സാമുദായിക രാഷ്ട്രീയ സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ, സംസ്ഥാന സെക്രട്ടറി നഈം സി.കെ.എം., കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് നാഫി, ജില്ലാ സെക്രട്ടറിമാരായ റാസിഖ്, തബ്ശീര്‍ എന്നിവരടങ്ങിയ സംഘമായിരുന്നു കരീം മുസ്ലിയാരെ സന്ദര്‍ശിച്ചത്.

 

Related Articles