Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി യു.പി പൊലിസ് അറസ്റ്റ് ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിനെ സന്ദര്‍ശിക്കാന്‍ അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യമാണ് തിങ്കളാഴ്ച സുപ്രീം കോടതി അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. മാതാവിനെയും അടുത്ത ബന്ധുക്കളെയുമല്ലാതെ മറ്റാരെയും കാണരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ജയില്‍ മുതല്‍ വീട്ടില്‍ വരെയും തിരിച്ചും പൊലിസ് അകമ്പടിയിലാകും യാത്ര. മാതാവ് മരണാസന്നയാണെന്ന് പറയുമ്പോ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ജാമ്യം രണ്ട് ദിവസമാക്കി ചുരുക്കണമെന്ന സോളിസ്റ്റര്‍ ജനറലിന്റെ വാദത്തെ എതിര്‍ത്ത് സുപ്രീം കോടതി വ്യക്തമാക്കി.

ഹഥ്‌റസിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഒക്ടോബറിലാണ് ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. മാതാവ് രോഗശയ്യയില്‍ അതീവഗുരുതരാവസ്ഥയിലാണെന്നും ഏതാനും ദിവസം മാത്രമേ ജീവിച്ചിരിക്കൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കാപ്പന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ഹരജി നല്‍കിയത്. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും കപില്‍ സിബല്‍ വാദിച്ചു. യു.പി പൊലിസിനാകും സുരക്ഷ ചുമതല. അവര്‍ ആവശ്യപ്പെട്ടാല്‍ കേരള പൊലിസ് സുരക്ഷ ഏറ്റെടുക്കണമെന്നും മാതാവിനോട് സംസാരിക്കുന്ന സമയത്ത് പൊലിസ് കൂടെയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

കാപ്പന്റെ കേസ് നടത്താന്‍ വേണ്ടി കേരളത്തില്‍ വ്യാപക പണപ്പിരിവ് നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ രക്തസാക്ഷിയും സ്വാതന്ത്ര്യ സമരസേനാനിയായും കണക്കാക്കി കേരളത്തില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ടെന്നും അദ്ദേഹം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ജാമ്യം അനുവദിക്കരുതെന്നും യു.പി പൊലിസിനു വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി വാദിച്ചു.

Related Articles