Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എഫ് വേദിയിലെ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

കോഴിക്കോട്: കഴിഞ്ഞയാഴ്ച കോഴിക്കോട് വെച്ച് നടന്ന എം.എസ്.എഫിന്റെ ‘വേര്’ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി ‘ജനഗണമന’ സിനിമയുടെ തിരക്കഥാകൃത്ത ഷാരിസ് മുഹമ്മദ്. എം.എസ്.എഫ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും തന്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷാരിസ് വിവാദത്തിന് വിശദീകരണം നല്‍കിയത്.

വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല,സര്‍ഗം,സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ചും ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ നിലപാടും മതവും രാഷ്ട്രീയവും തികച്ചും വ്യക്തിപരമാണ്. അത് അങ്ങനെ തന്നെ തുടരും-ഷാരിസ് കുറിച്ചു.

എംഎസ്എഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചില സുഹൃത്തുക്കള്‍ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാല്‍, എം എസ് എഫ് പരിപാടിക്കു പോയിട്ട് അവാര്‍ഡ് നിഷേധിക്കുകയാണെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡെന്നും ഷാരിസ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ, ഫ്രറ്റേണിറ്റിയുടെയും എസ് ഡി പി ഐ യുടെയും പരിപാടികളിലേക്കു തന്നെ ക്ഷണിച്ചിരുന്നെങ്കിലും താന്‍ ക്ഷണം സ്വീകരിച്ചില്ല. പേരിലെ മുഹമ്മദ് ആണ് അവര്‍ക്ക് വേണ്ടിയിരുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഡിജോയെ അവര്‍ ക്ഷണിച്ചിരുന്നില്ലെന്നും ഷാരിസ് ആരോപിച്ചു. മാത്രവുമല്ല, തനിക്കെന്ത് ഇസ്ലാമോഫോബിയ എന്നും അദ്ദേഹം സമ്മേളനത്തില്‍ നിഷ്‌കളങ്കമായി പറഞ്ഞതിനെയും നിരവധി പേര്‍ ചോദ്യം ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തിരുന്നു.

അതേസമയം, എസ്.ഡി.പി.ഐക്ക് ഫിലിം ക്ലബ്ബ് ഇല്ലെന്നും ആരാണ് തന്നെ വിളിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും കൈയടി ലഭിക്കാനാണ് ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും എസ്ഡിപിഐ വാര്‍ത്തകുറിപ്പില്‍ പറഞ്ഞിരുന്നു. ഷാരിസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നം കുറ്റപ്പെടുത്തി ഫ്രറ്റേണിറ്റിയും രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഷാരിസ് മുഹമ്മദിന്റെ മാപ്പ് പറച്ചില്‍.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles