Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സുരക്ഷാ നടപടികള്‍ സ്വീകരിച്ച് ശഹീന്‍ ബാഗ് സമരം തുടരുന്നു

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭ സമരത്തില്‍ ഇന്ത്യയിലെ മുന്നേറ്റ നിരയില്‍ നില്‍ക്കുന്ന പോരാട്ടമായിരുന്ന ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരം. സമരത്തെ അടിച്ചമര്‍ത്താനും അടിച്ചൊതുക്കാനും ഒന്നാം നാള്‍ മുതലേ കേന്ദ്രസര്‍ക്കാരും പൊലിസും ശ്രമിച്ചിരുന്നെങ്കിലും ഒരടി പിന്നോട്ട് പോകാന്‍ സമരക്കാര്‍ തയാറായിരുന്നില്ല. രാജ്യം കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും സമരം പൂര്‍ണമായും ഉപേക്ഷിക്കാതെ സമരപ്പന്തലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സുരക്ഷ മുന്‍കരുതല്‍ എടുത്തും പ്രക്ഷോഭവുമായി മുന്നോട്ടു പോകുകയാണ് ഷഹീന്‍ ബാഗിലെ ധീര വനിതകള്‍.

കോവിഡിന്റെ പേരു പറഞ്ഞ് സമരം പൂര്‍ണമായും അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലായിരുന്ന പൊലിസും ഭരണകൂടവും. എന്നാല്‍ അതിനു വഴങ്ങാതെ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പരിപൂര്‍ണ്ണ മുന്‍കരുതല്‍ നടപടികള്‍ കൈകൊണ്ട് സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. 50ല്‍ താഴെ സ്ത്രീകളെ മാത്രമാക്കി ചുരുക്കുകയും ഇവര്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും കൈകളും മുഖവും ഇടക്കിടെ വൃത്തിയാക്കിയുമാണ് ഇവര്‍ കൊറോണയെ പ്രതിരോധിക്കുന്നത്. കൂടാതെ ഇടവിട്ട് സമരപ്പന്തല്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കും വരെ സമരത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്നാണ് ഷഹീന്‍ ബാഗിലെ അതിജീവന പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍ ആവര്‍ത്തിക്കുന്നത്. നേരത്തെ നൂറുകണക്കിന് സ്ത്രീകളായിരുന്നു സമരപ്പന്തലില്‍ ഉണ്ടായിരുന്നത്.

Related Articles