Current Date

Search
Close this search box.
Search
Close this search box.

മാല്‍ക്കം എക്‌സിന്റെ കൊലപാതകം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് മകള്‍ ശബാസ്

ന്യൂയോര്‍ക്ക്: പൗരാവകാശ നേതാവ് മാല്‍ക്കം എക്‌സിന്റെ വധത്തില്‍ യു.എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് മകള്‍ ഇല്ല്യാസ് ശബാസ്. തന്റെ പിതാവിന്റെ കൊലപാതകത്തില്‍ എഫ്.ബി.ഐ, സി.ഐ.എ, ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള യു.എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് മകള്‍ ഇല്ല്യാസ് ശബാസ് പറഞ്ഞു. മാല്‍ക്കം എക്‌സിന്റെ 58-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെയാണ് (ചൊവ്വാഴ്ച) മകള്‍ ശബാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറല്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ മാല്‍ക്കം എക്‌സിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തതിന്റെ തെളിവുകള്‍ തന്ത്രപരമായി മറച്ചുവെച്ചതായി ഇല്ല്യാസ് ശബാസ് ആരോപിച്ചു.

വര്‍ഷങ്ങളായി, അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സത്യം പുറത്തുകൊണ്ടുവരാന്‍ ഞങ്ങളുടെ കുടുംബം പോരാടുകയാണ് -ന്യൂയോര്‍ക്ക് സിറ്റിയില്‍ പത്ര സമ്മേളനത്തില്‍ ശബാസ് കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരമായി, 100 മില്യണ്‍ ഡോളറാണ് ശബാസ് ആവശ്യപ്പെടുന്നത്. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി ശബാസിന്റെ അഭിഭാഷകന്‍ ബെന്‍ ക്രംപ് വ്യക്തമാക്കി.

അല്‍ ഹാജ്ജ് മാലിക് അശ്ശബാസ് എന്നറിയപ്പെടുന്ന മാല്‍ക്കം എക്‌സ് 1925ല്‍ മാല്‍ക്കം ലിറ്റില്‍ ജനിച്ചു. 1946ല്‍ കവര്‍ച്ചയുടെ പേരില്‍ ജയിലിലായി. ജയിലില്‍ വെച്ച് മാല്‍ക്കം എക്‌സ് തീവ്ര കുറത്ത മുസ്‌ലിം പ്രസ്ഥാനമായ എന്‍.ഒ.ഐയെ (Nation of Islam) കുറിച്ച് അറിയുകയും പ്രസ്ഥാന നേതാവായ എലിജ മുഹമ്മദിന്റെ അധ്യാപനങ്ങളില്‍ സ്വാധീനിക്കപ്പെടുകയും ചെയ്തു. 1964ല്‍, മാല്‍ക്കം എക്‌സ് എന്‍.ഒ.ഐ വിട്ടു. 1965 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഓഡോബണ്‍ ബോള്‍റൂമില്‍ സംസാരിച്ചുകൊണ്ടിരിക്കെ മാല്‍ക്കം എക്‌സിന് നേരെ മൂന്ന് പേര്‍ വെടിയുതിര്‍ത്തു. 39-ാം വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അസീസിനും ഖലീല്‍ ഇസ്‌ലാമിനും ന്യൂയോര്‍ക്ക് സിറ്റി 2022ല്‍ 26 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചു. ഇരുവരും ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്ന് 10 മില്യണ്‍ ഡോളര്‍ കൂടി നല്‍കാന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് തീരുമാനിച്ചു. 20 വര്‍ഷത്തിലേറെ ജയിലില്‍ കിടന്ന മാല്‍ക്കം എക്‌സിനെ കൊലപ്പെടുത്തിയെന്ന കുറ്റം ഇരുവരും നിഷേധിച്ചിരുന്നു. ‘മിഡില്‍ ഈസ്റ്റ് ഐ’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles