Current Date

Search
Close this search box.
Search
Close this search box.

‘കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്റ്’; അനുഭവങ്ങള്‍ പങ്കുവെച്ച് ഡോ. സെബ്രീന ലീ

റോം: കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ വിഖ്യാത നടനും മുന്‍ എം.പിയുമായ ഇന്നസെന്റുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി ഡോ. സെബ്രീന ലീ. ഫേസ്ബുക്കിലൂടെയാണ് അവര്‍ അനുശോചന കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇന്നസെന്റിന്റെ ആത്മകഥയായ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ നിര്‍വഹിച്ചത് സെബ്രീനയായിരുന്നു.

‘ഇന്നസെന്റിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഞാന്‍ പുസ്തകം വിവര്‍ത്തനം ചെയ്തതെന്നും റോമില്‍ വെച്ച് ഒരിക്കല്‍ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയുമുണ്ടായെന്നും അവര്‍ പറഞ്ഞു. എങ്ങനെയാണ് ക്യാന്‍സറിനെ അതിജീവിച്ചത് എന്നതിന്റെ ശക്തമായ സന്ദേശമാണ് പുസ്തകത്തില്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാളത്തിലെ (കേരള) ചലച്ചിത്ര നടനും മുന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 2017ല്‍ അദ്ദേഹത്തിന്റെ റോം സന്ദര്‍ശന വേളയില്‍ ഇന്നസെന്റിനെ റോമില്‍ വെച്ച് കാണാനുള്ള അവസരം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, അദ്ദേഹത്തിന്റെ പ്രചോദനാത്മക പുസ്തകമായ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ ഞാന്‍ പിന്നീട് ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

ഇന്നസെന്റ് എങ്ങനെയാണ് ക്യാന്‍സറിനെ അതിജീവിച്ചത് എന്നതിന്റെ ശക്തമായ കഥയാണ് പുസ്തകത്തില്‍ പറയുന്നത്. മാതൃഭൂമി ബുക്‌സാണ് ഈ പുസ്തകം ആദ്യം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്; ഞാന്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഇറ്റാലിയന്‍ വായനക്കാര്‍ക്കിടയില്‍ ഈ പുസ്തകം വളരെയധികം സ്വീകാര്യമാണുണ്ടായത്. ശ്രീമതി ആലീസ് ഇന്നസെന്റിനും (ഞാന്‍ അവരെയും കണ്ടിരുന്നു), ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഖാര്‍ത്തരായ കുടുംബത്തിനും കേരളത്തിലെ അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സിനിമാ ആരാധകരോടും ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. നമുക്കെല്ലാവര്‍ക്കും അദ്ദേഹത്തെ വളരെ ആഴത്തില്‍ നഷ്ടപ്പെടും.

Related Articles