ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനയിലെ അഭിഭാഷകരുടെ മര്‍ദനത്തിനും വിദ്വേഷത്തിനും ഇരയാക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം അഭിഭാഷക ട്രെയ്‌നിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിവിധ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ജനുവരി 28 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്‍ഡോറില്‍ നിന്നുള്ള മുസ്ലീം നിയമപരിശീലക സോനു മന്‍സൂരിക്കാണ് സുപ്രീം കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ഇന്‍ഡോര്‍ കോടതി വളപ്പില്‍ വെച്ച് ബജ്റംഗ്ദളിന്റെയും മറ്റ് ഹിന്ദുത്വ വലതുപക്ഷ സംഘടനയിലെ അഭിഭാഷകരും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയും അക്രമിക്കുകയും ചെയ്‌തെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചാണ് സോനു മന്‍സൂരി കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷയില്‍ സോളിസിറ്റര്‍ ജനറല്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെന്നും കോടതിയെ തൃപ്തിപ്പെടുത്താന്‍ 5000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഹരജിക്കാരിക്ക് ഉടന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാമെന്നും ഉത്തരവ് ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. എഎസ്ജി വളരെ ന്യായമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.
തങ്ങളെ തെറ്റായ, അടിസ്ഥാനരഹിതമായ കേസുകളിലാണ് ഉള്‍പ്പെടുത്തിയതെന്ന് മന്‍സൂരിയും അവരുടെ മുതിര്‍ന്ന അഭിഭാഷകന്‍ നൂര്‍ജഹാനും റിട്ട് ഹര്‍ജിയില്‍ ആരോപിച്ചു. മധ്യപ്രദേശിലെ നിലവിലെ ഭരണവുമായി ബന്ധമുള്ള പ്രാദേശിക സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയ പ്രേരിതവും വര്‍ഗീയമായി ചുമത്തപ്പെട്ടതുമാണ് ഈ കേസുകളെന്നും അവര്‍ ആരോപിച്ചു.
ഈ വര്‍ഷം ജനുവരി 28നാണ് ബജ്റംഗ്ദള്‍ അനുകൂലികളും വലതുപക്ഷ ഗ്രൂപ്പായ അധിവക്ത സംഘവുമായി ബന്ധപ്പെട്ട ഒരു കൂട്ടം അഭിഭാഷകരും കോടതി മുറിക്കുള്ളില്‍ വെച്ച് അഭിഭാഷകയെ കൈയേറ്റം ചെയ്തത്. ‘പത്താന്‍’ എന്ന സിനിമയ്ക്കെതിരെ കലാപ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബജ്റംഗ്ദള്‍ നേതാവിന്റെ ജാമ്യാപേക്ഷ രഹസ്യമായി റെക്കോര്‍ഡ് ചെയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
നേരത്തെ ജനുവരി 25 ന്, ബജ്‌റംഗ്ദള്‍ നേതാവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തതിന് അഭിഭാഷകനായ എഹ്‌തേഷാം ഹാഷ്മിയെ (ഫെബ്രുവരി 9 ന് അന്തരിച്ചു) ഇതേ ഹിന്ദുത്വ വലതുപക്ഷ അഭിഭാഷകര്‍ കോടതി വളപ്പില്‍ വച്ച് ഭീഷണിപ്പെടുത്തിയിരുന്നു.