Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: ഇന്റര്‍നെറ്റ് നിരോധനം നിയമവിരുദ്ധം, പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി

SupremeCoaurt.jpg

ന്യൂഡല്‍ഹി: കശ്മീരില്‍ അനിശ്ചിതകാലമായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഇടപെട്ട് സുപ്രീംകോടതി. സംസ്ഥാനത്ത് തുടരുന്ന ഇന്റര്‍നെറ്റ് നിയന്ത്രണം നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കാനുള്ള ഉത്തരവുകള്‍ എല്ലാം കേന്ദ്ര ഭരണാധികാരികള്‍ പൊതുവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എന്‍.വി രമണ,ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കശ്മീരിലെ സ്ഥിതിഗതികളില്‍ ഒരാഴ്ച്ചക്കകം പുനപരിശോധന നടത്താനാണ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിലെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

അതിനു ശേഷം ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും അവലോകനം ചെയ്യണമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിയന്ത്രിക്കരുതെന്നും കോടതി ഉത്തരവിട്ടു. കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭസിന്‍,കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Related Articles