Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി കനാല്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോഴും ഖത്തറിനെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി സൗദി മുന്നോട്ട്. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍ കനാല്‍ നിര്‍മിച്ച് ഖത്തറിനെ ഒറ്റപ്പെടുത്താനാണ് സൗദിയുടെ നീക്കമെന്നാണ് പുതിയ സൂചനകള്‍. നിലിവല്‍ സൗദി വഴിയാണ് ഖത്തറിന്റെ ഏക കരമാര്‍ഗം. മേഖലയില്‍ കനാല്‍ നിര്‍മിച്ച് ഖത്തറിനെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്താനാണ് സൗദിയുടെ നീക്കമെന്നാണ് സൗദി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വാര്‍ത്ത ഓദ്യോഗികമായി സൗദിയോ ഖത്തറോ സ്ഥിരീകരിച്ചിട്ടില്ല.

കനാല്‍ നിര്‍മിക്കുന്നതോടെ ചെറിയ രാജ്യമായ ഖത്തര്‍ ദ്വീപായി മാറും. ”കിഴക്കന്‍ സല്‍വ ഐലന്റ് പ്രൊജക്റ്റിനായി രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ അക്ഷമനായി കാത്തിരിക്കുകയാണ്. ഈ ചരിത്രപരമായ പദ്ധതി രാജ്യത്തെ ഭൂമിശാസ്ത്രപരമായി മാറ്റിമറിക്കും” സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുതിര്‍ന്ന ഉപദേശകന്‍ സൗദി അല്‍ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തു വന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 20 മീറ്റര്‍ ആഴത്തില്‍ 60 കിലോമീറ്റര്‍ നീളത്തിലുള്ള കനാലാണ് നിര്‍മിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. കനാല്‍ പദ്ധതിയില്‍ ടൂറിസ്റ്റ് റിസോര്‍ട്ടും ന്യൂക്ലിയര്‍ മാലിന്യ പ്ലാന്റും സൈനിക താവളവും അടങ്ങിയതാകുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

2.8 ബില്യണ്‍ സൗദി റിയാലാണ് കനാലിന്റെ നിര്‍മാണ ചിലവ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ജൂണിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി അഞ്ച് അന്താരാഷ്ട്ര കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയെന്നും വിജയികളെ സെപ്റ്റംബറില്‍ പ്രഖ്യാപിക്കും എന്നുമായിരുന്നു വാര്‍ത്തകള്‍.

Related Articles