Current Date

Search
Close this search box.
Search
Close this search box.

യെമനിലും വ്യോമാക്രമണം: 20 മരണം, തിരിച്ചടിയെന്ന് സംശയം

സന്‍ആ: യെമനിലെ സന്‍ആയില്‍ സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ രൂക്ഷമായ വ്യോമാക്രമണം. 20 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ അറിയിച്ചു. യു.എ.ഇക്കു നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണത്തിനു തൊട്ടുപിന്നാലെയാണ് യെമനില്‍ വ്യോമാക്രമണമുണ്ടായിരിക്കുന്നത്. എന്നാല്‍ യു.എ.ഇയുടെ മറുപടിയാണോ ഇതെന്ന് വ്യക്തമല്ല. ഹൂതികള്‍ക്കു നേരെ തിരിച്ചടിയുണ്ടാകുമെന്ന് യു.എ.ഇ തിങ്കളാഴ്ച അറിയിച്ചിരുന്നു. യെമനില്‍ യു.എ.ഇയും സൗദിയുമടക്കമുള്ള സഖ്യസേന വര്‍ഷങ്ങളായി യുദ്ധമുന്നണിയുടെ ഭാഗമാണ്. അതേസമയം, 14 പേരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദി അറിയിച്ചത്.

ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയതായി സൗദി സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ സന്‍ആക്കു സമീപമാണ് ആക്രമണം നടന്നത്.

പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 14ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയും 25 വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റു പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2014ല്‍ തലസ്ഥാനമായ സന്‍ആ അടക്കം തന്ത്രപ്രധാനമായ മേഖലകളെല്ലാം ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കെതിരെ യെമന്‍ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ചാണ് സൗദിയും-യു.എ.ഇയും യെമന്‍ സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നത്. ഹൂതികളും സൗദി-യു.എ.ഇ സഖ്യസൈന്യവും വര്‍ഷങ്ങളായി ഏറ്റുമുട്ടലിന്റെ പാതയിലാണ്.

Related Articles