Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

തെഹ്‌റാന്‍: വര്‍ഷങ്ങള്‍ നീണ്ട് ശത്രുത അവസാനിപ്പിച്ച് ഒന്നിച്ച് നീങ്ങാന്‍ സൗദിയും ഇറാനും തീരുമാനത്തിലെത്തിയിട്ട് അധികനാളായിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായി ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഉടന്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം റമദാന് മുന്നോടിയായാണ് സൗദി അറേബ്യന്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിക്കുകയും റമദാന്‍ ആശംസ കൈമാറുകയും ഇരും എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് ‘ഉടന്‍’ യോഗം ചേരുമെന്നും അറിയിക്കുകയും ചെയ്തത്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമദാന്‍ ഇരു രാജ്യങ്ങളിലും വ്യാഴാഴ്ച ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനുമായി ഒരു ഫോണ്‍ സംഭാഷണം നടത്തി, ‘വിശുദ്ധ റമദാന്‍ മാസത്തില്‍ ആശംസകളും അഭിനന്ദനങ്ങളും കൈമാറി’.മന്ത്രാലയം പിന്നീട് ട്വീറ്റ് ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള എംബസികളും കോണ്‍സുലേറ്റുകളും പുനരാരംഭിക്കുന്നതിന് ഉടന്‍ തന്നെ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ ഇരു മന്ത്രിമാരും തീരുമാനിച്ചു,” ട്വിറ്ററില്‍ പറഞ്ഞു.

മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച അനുരഞ്ജനത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അടുത്ത ഘട്ടമാണ് മന്ത്രിമാരുടെ വരാനിരിക്കുന്ന കൂടിക്കാഴ്ചയെന്നും പറയപ്പെടുന്നുണ്ട്. നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ട് ഏഴുവര്‍ഷത്തിനുശേഷമാണ് പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്.

Related Articles