Current Date

Search
Close this search box.
Search
Close this search box.

അവസാനം സൗദി സമ്മതിച്ചു: ഖഷോഗി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടുവെന്ന്

റിയാദ്: കഴിഞ്ഞ മൂന്നാഴ്ചയായി അറബ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഖഷോഗിയുടെ തിരോധാനം അവസാനം വഴിത്തിരിവില്‍. ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടുവെന്നാണ് സൗദി പ്രസ് ഏജന്‍സി നല്‍കുന്ന വിവരം.

അതേസമയം ഖഷോഗിയുടെ മൃതശരീരം എവിടെയുണ്ടെന്നത് ഇനിയും പുറത്തു വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയാണ് വെള്ളിയാഴ്ച രാത്രി വൈകി സൗദി പ്രസ് ഏജന്‍സി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.

ഔദ്യോഗികമായി അന്വേഷണം നടത്തിയതിന്റെ പ്രാരംഭ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്. കോണ്‍സുലേറ്റിനകത്ത് വെച്ച് ഖഷോഗിയും ഉദ്യോഗസ്ഥരും തമ്മില്‍ പിടിവലി നടന്നെന്നും തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നുമാണ് സൗദിയുടെ ഭാഷ്യം. എന്നാല്‍ ഇതില്‍ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്നും വ്യക്തമല്ല.

സൗദിയുടെ ജനറല്‍ ഇന്റലിജന്‍സ് തലപ്പത്ത് നിന്ന് കേണല്‍ അഹമദ് അല്‍അസീരിയെയും റോയല്‍ കോര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് സൗദ് അല്‍ഖഹ്താനിയെയും പുറത്താക്കി ഭരണകൂടത്തിന്റെ ഉത്തരവും പുറത്തു വന്നിട്ടുണ്ട്. ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സി പുനഃസംഘടിപ്പിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടാം തീയതിയാണ് ഖഷോഗിയെ ഇസ്താംബൂളിലെ എംബസിയില്‍ വെച്ച് കാണാതാകുന്നത്. തന്റെ ആദ്യ വിവാഹത്തിന്റെ രേഖകള്‍ വാങ്ങാനാണ് ഖഷോഗി ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. എന്നാല്‍ എംബസിയിലേക്ക് കയറിയ ശേഷം അദ്ദേഹം പുറത്തുവന്നില്ല. അതിനു ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായില്ല. അദ്ദേഹത്തിന്റെ പ്രതിശ്രുത വധു അദ്ദേഹത്തെ കാത്ത് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഖഷോഗിയെ കോണ്‍സുലേറ്റിനകത്ത് വെച്ച് സൗദി അധികൃതര്‍ മനപൂര്‍വം കൊലപ്പെടുത്തിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.  സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിമര്‍ശിച്ച് പത്രങ്ങളിലും നിരന്തരം കോളം എഴുതുന്നയാളാണ് ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റില്‍ ആയിരുന്നു ഖഷോഗി കോളമെഴുതാറുള്ളത്. തുടര്‍ന്ന് സൗദിയുടെ പ്രതികാര നടപടിയില്‍ ഭയന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജ്യം വിട്ടിരുന്നു.

പിന്നീട് അമേരിക്കന്‍ പൗരത്വമെടുത്തു. യെമന്‍ യുദ്ധത്തിലെ സൗദിയുടെ നിലപാടുകളെയും അടിച്ചമര്‍ത്തല്‍ നയത്തെയും അടുത്തിടെ രാജ്യത്ത് നടന്ന കൂട്ട അറസ്റ്റും ഒക്കെയാണ് അദ്ദേഹം തുറന്നെതിര്‍ത്തിരുന്നത്.

Related Articles