Current Date

Search
Close this search box.
Search
Close this search box.

യെമന്‍ തലസ്ഥാനത്ത് വീണ്ടും സൗദി സഖ്യസേനയുടെ വ്യോമാക്രമണം

റിയാദ്: യെമനിലെ ഹൂതികളും സൗദി സഖ്യസേനയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ വീണ്ടും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സൗദി സ്റ്റേറ്റ് ടെലിവിഷന്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മേഖലയില്‍ ഇരു വിഭാഗവും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്ക് തീവ്രത കൂട്ടുന്നതാണ് പുതിയ നീക്കം.

ഹൂതി നിയന്ത്രണത്തിലുള്ള നഗരത്തിലെ വ്യോമ-പ്രതിരോധ സംവിധാനങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നും നാശനഷ്ടങ്ങള്‍ ഉള്ളതായും സൗദി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഇതുവരെ ഹൂതി സൈന്യം പ്രതികരിച്ചിട്ടില്ല.

പാശ്ചാത്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ സൗദിയുടെ നേതൃത്വത്തിലുള്ള യു.എ.ഇ സഖ്യസേനയും ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തമ്മില്‍ 2015 മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. യെമനില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സര്‍ക്കാരിന് പിന്തുണയുമായാണ് വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നാണ് അയല്‍ രാജ്യം കൂടിയായ സൗദിയുടെ നിലപാട്. കഴിഞ്ഞ ദിവസം സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന അറിയിച്ചിരുന്നു.

Related Articles