Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിത റഫറിയെ പ്രഖ്യാപിച്ച് ഫിഫ

റിയാദ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാനുള്ള വനിതകളില്‍ ഇനി സൗദി പൗരയും. സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിത റഫറിയെ ഫിഫയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് പുതിയം ചരിത്രം രചിച്ചത്.

സൗദിയുടെ ദേശീയ വനിത ഫുട്‌ബോള്‍ ടീമിന്റെ അരങ്ങേറ്റം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് മത്സരം നിയന്ത്രിക്കാനായി വനിത റഫറിയും എത്തുന്നത്. വ്യാഴാഴ്ച സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് വനിത റഫറിയായ അനൗദ് അല്‍ അസ്മരിയുടെ പേരും പ്രസിദ്ധീകരിച്ചത്. ഫുട്ബോളിന്റെ ആഗോള ഗവേണിംഗ് ബോഡിയായ ഫിഫ പ്രഖ്യാപിച്ച അന്താരാഷ്ട്ര പാനലില്‍ ഉള്‍പ്പെട്ട എട്ട് സൗദികളിലെ ഏക വനിതയാണ് അസ്മരി.

37 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി പ്രോ ലീഗിലേക്ക് കൊണ്ടുവരികയും ലോകകപ്പ് കോ-ഹോസ്റ്റിംഗ് ബിഡിനായി കരുനീക്കം നടത്തുകയും ചെയ്ത എണ്ണ സമ്പന്നരായ സൗദിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് അല്‍-അസ്മാരിയുടെ അന്താരാഷ്ട്ര റഫറിയിങ് ബാഡ്ജ്.

‘സൗദി കായിക ചരിത്രത്തില്‍ അന്താരാഷ്ട്ര ബാഡ്ജ് ലഭിക്കുന്ന ആദ്യത്തെ സൗദി വനിതാ റഫറി ആയതില്‍ എനിക്ക് സന്തോഷമുണ്ട്,’ അല്‍-അസ്മരി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പുരുഷന്മാരുടെ ഗെയിം നിയന്ത്രിക്കുന്നതിനെക്കുറിച്ച് തനിക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി ലഭിക്കുന്നത് വരെ താന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് 34 കാരിയായ അല്‍-അസ്മരി പറഞ്ഞു.

സൗദി ഗസറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2018 ല്‍ സൗദി ദേശീയ വനിതാ ടീമിനായി നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ചാണ് അല്‍-അസ്മരി റഫറിയായി തന്റെ കരിയര്‍ ആരംഭിച്ചത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി കായികരംഗത്ത് ഉള്‍പ്പെടെ സൗദി വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് 2021 നവംബറില്‍ വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിച്ചിരുന്നു. 2030 ലോകകപ്പിനുള്ള സംയുക്ത ലേലത്തില്‍ ഈജിപ്തിനും ഗ്രീസിനുമൊപ്പം പങ്കെടുക്കാന്‍ സൗദിയും ആലോചിക്കുന്നുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles