Current Date

Search
Close this search box.
Search
Close this search box.

ചരിത്ര വിജയം: ആഘോഷതിമിര്‍പ്പില്‍ സൗദി, പിന്തുണ അറിയിച്ച് യു.എ.ഇയും

റിയാദ്: സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സുന്ദരമുഹൂര്‍ത്തത്തിനാണ് കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ഫുട്‌ബോളിലെ രാജാക്കന്മാരായ അര്‍ജന്റീനയെ ചരിത്രത്തിലെ വലിയ അട്ടിമറിയോടെ തകര്‍ത്തതോടെ നിരവധി ചരിത്രമാണ് പിറന്നത്. സൗദിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഇതിനെ കാണുന്നത്. അതിനാല്‍ തന്നെ കളി കഴിഞ്ഞ തൊട്ടുപിന്നാലെ സൗദി രാജാവ് ബുധനാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. കളി കാണുന്നതിന് വേണ്ടി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ബുധനാഴ്ച അവധിയാണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ദേശീയ ടീമിന്റെ ചരിത്രം വിജയം കെങ്കേമമായി ആഘോഷിക്കുകയാണ് തദ്ദേശീയരും പ്രവാസികളും.

മത്സരം അവസാനിച്ചതിനു പിന്നാലെ ഖത്തറിലെ സൗദി ആരാധകര്‍ ബാന്‍ഡ് മേളവും കരിമരുന്ന പ്രയോഗവും നൃത്തച്ചുവടുകളുമായി ഖത്തറില്‍ ആഹ്ലാദ നൃത്തം ചവിട്ടി. സൗദിയിലും ജനമൊന്നടങ്കം ആവേശതിമിര്‍പ്പിലായിരുന്നു. ടീമംഗങ്ങളെയും കോച്ചിനെയും ഒഫീഷ്യല്‍സിനെയും അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തി. കളിക്കാര്‍ക്ക് പാരിതോഷികവും വിലകൂടിയ കാറുകളും സമ്മാനമായി നല്‍കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ച് യു.എ.ഇയും രംഗത്തെത്തി. ഇതിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിച്ചു. ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചു.

സൗദിയില്‍ കളി കാണാന്‍ വലിയ സ്‌ക്രീനുകള്‍ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരുന്നു. സൗദിയിലെ പ്രവാസികളും വിജയാഘോഷത്തില്‍ ഒപ്പം കൂടി. വിവിധ മേഖലകളില്‍ വെടിക്കെട്ട്, വാദ്യഘോഷയാത്ര, പായസ-ലഡു വിതരണം, കേക്ക് മുറിക്കലുമെല്ലാം നടന്നു. വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൗദിയുടെ വിജയത്തിന്റെ ഭാഗമായി ഓഫര്‍ സെയിലും പ്രഖ്യാപിച്ചു.

Related Articles