Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: കോടതി ഉത്തരവ് പാര്‍ലമെന്റ് നിയമത്തിന് വിരുദ്ധമെന്ന് സമസ്ത

ചേളാരി: കാശി ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) നിര്‍ദ്ദേശിച്ച വാരാണസി സിവില്‍ കോടതി ഉത്തരവ് 1991 സപ്തംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് കടകവിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. 1991 സപ്തംബറില്‍ പി.വി നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് പാസ്സാക്കിയ നിയമപ്രകാരം ആരാധനാലയങ്ങള്‍ക്ക് 1947 ആഗസ്റ്റ് 15നുള്ള സ്വഭാവത്തിന് മാറ്റം വരുത്താന്‍ പാടില്ലാത്തതാണ്. ഈ നിയമം നിലനില്‍ക്കെ ബി.ജെ.പി. മുന്‍ വക്താവ് അശ്വിനി ഉപാധ്യായ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് വാരാണസി സിവില്‍ കോടതി വിധി പ്രസ്താവിച്ചത്.

ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാവുമെന്ന് യോഗം ആശങ്ക പ്രകടിപ്പിച്ചു. വിധിക്കെതിരെ നടത്തുന്ന നിയമപോരാട്ടത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുതുതായി രണ്ട് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10291 ആയി.

‘ആത്മാന്വേഷണത്തിന്റെ റമദാന്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷാനി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Related Articles