Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഓണ്‍ലൈന്‍ മദ്റസ: ഖുര്‍ആന്‍ പാരായണ പരിശീലനം

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് 18 മുതല്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തുന്നു. ‘തിലാവ’ എന്ന പേരില്‍ വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ പരിപാടി സംപ്രേഷണം ചെയ്യും. യൂട്യൂബ്, മൊബൈല്‍ ആപ്, വെബ്സൈറ്റ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങളും സൂറത്തുകളുടെ ശ്രേഷ്ടതകളും അവതരണ പശ്ചാത്തലവും ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിഉകളും മുജവ്വിദുമാരും നേതൃത്വം നല്‍കും.

ഖുര്‍ആന്‍ പാരായണ പരിശീലനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.വി ഇബ്റാഹീം മുസ്ലിയാര്‍ സംബന്ധിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.

സൂറത്തുല്‍ഫാത്തിഹ ഉള്‍പ്പെടെ സാധാരണ പാരായണം ചെയ്യുന്ന സൂറകളാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമസ്ത ഓണ്‍ലൈന്‍ വഴി ജൂണ്‍ ഒന്ന് മുതല്‍ സംപ്രേഷണം ചെയ്തുവരുന്ന മദ്റസ ക്ലാസുകള്‍ക്കും ഈ മാസം അഞ്ചാം തിയ്യതി മുതല്‍ തുടങ്ങിയ ബധിര-മൂകര്‍ക്കുള്ള ആംഗ്യഭാഷയിലുള്ള ക്ലാസുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ‘തിലാവ’ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്.

Related Articles