കോഴിക്കോട്: അവാര്‍ഡ് ദാന വേദിയില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സമസ്ത നേതാക്കള്‍. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വിവാദത്തിന് പിന്നില്‍ മാധ്യമങ്ങളാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പറഞ്ഞു. കേസ് സ്വാഭാവിക നടപടി മാത്രമാണ്. എം.ടി അബ്ദുല്ല മുസ്ലിയാരുടെ പ്രകൃതം അങ്ങനെയാണെന്നും മുതിര്‍ന്ന സ്ത്രീകളുമായി ഇടപഴകുന്ന രീതി സമസ്തക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. അവാര്‍ഡ് ദാനത്തിന് സംഘടനക്ക് അതിന്റേതായ രീതികളും പാരമ്പര്യവുമുണ്ട്, അത് തുടര്‍ന്നുപോരുകയാണ് സമസ്ത ചെയ്യുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ പരാതിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ഫ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവരും പങ്കെടുത്തു.