Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: സമസ്ത പ്രതിഷേധ സമ്മേളനം നടത്തും

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത പ്രതിഷേധ സമ്മേളനം അടുത്ത ആഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത വിളിച്ച മുസ്ലിം മതസംഘടനകളുടെ യോഗം മാറ്റിവെച്ചത് ലീഗിന്റെ ഇടപെടല്‍ മൂലമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

രാജ്യത്തെ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്ന പൗരത്വ വിവേചനത്തിനെതിരേ പ്രതിഷേധശബ്ദമുയര്‍ത്തുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. പരിപാടിയില്‍ കേരളത്തിലെ മുഴുവന്‍ എം.പിമാരെയും പങ്കെടുപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.

പൗരന്‍മാര്‍ക്കിടയില്‍ വിവേചനം നടത്തുന്ന പൗരത്വഭേദഗതി ബില്ലില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി,അഭ്യന്തരമന്ത്രി എന്നിവരെ സമസ്ത നേരിട്ടു കാണും. കോഴിക്കോട്ട് നടക്കുന്ന പ്രതിഷേധ സമ്മേളന പരിപാടിക്കു ഉടന്‍ അന്തിമ രൂപം നല്‍കും.

അടുത്ത വെള്ളിയാഴ്ച ഇതുസംബന്ധിച്ചു പള്ളികളില്‍ ഉദ്ബോധനം നടത്തുമെന്നും കഴിഞ്ഞ ദിവസം മലപ്പുറം സുന്നീമഹലില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗത്തില്‍ തീരുമാനിച്ചു.

എം.ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്്ത്വഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles