Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: സമ്മര്‍ദ്ദത്തിന് വഴങ്ങി സഈദ് പുതിയ ആഭ്യന്തര മന്ത്രിയെ നിയമിച്ചു

തൂനിസ്: തുനീഷ്യയില്‍ പുതിയ ആഭ്യന്തര മന്ത്രിയായി മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന റിദ ഗാര്‍സലൗയിയെ പ്രസിഡന്റ് ഖെയ്‌സ് സഈദ് നിയമിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് റിദ. തുനീഷ്യയിലെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ചുമതല ഏറ്റെടുത്ത അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച അട്ടിമറിയിലൂടെ പ്രധാനമന്ത്രി ഹിഷാം മിഷിഷിയെ പ്രസിഡന്റ് പുറത്താക്കിയത്. തുടര്‍ന്ന് പുതിയ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ അന്താരാഷ്ട്ര,ആഭ്യന്തര തലത്തില്‍ സഈദിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു.

തുനീഷ്യ ചരടിനാല്‍ വലിക്കുന്ന ഒരു പാവയല്ലെന്നും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് ചരടുകള്‍ വലിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രിയെ നിയമിച്ചുകൊണ്ട് സഈദ് പറഞ്ഞു. ഈ ചരിത്ര നിമിഷത്തിലെ സാഹചര്യങ്ങള്‍ അത്തരം അസാധാരണമായ നടപടികള്‍ സ്വീകരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്ത് പുതിയ പ്രധാനമന്ത്രിയുടെ നിയമനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ തുനീഷ്യന്‍ ജനത.

കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ഖെയ്‌സ് സഈദ് പ്രധാനമന്ത്രിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് നിര്‍ബന്ധിച്ച് രാജി വെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിന് വഴങ്ങിയില്ലെന്നും അതിനെത്തുടര്‍ന്ന് ആക്രമിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്നും ആരോപണങ്ങളുണ്ട്.

രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയക്കാരും നടപടിയെ അപലപിച്ചു രംഗത്തെത്തിയിരുന്നു. 2010ലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ രാജ്യത്ത് ആദ്യമായി അധികാരത്തിലേറിയ ജനാധിപത്യ സര്‍ക്കാരിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധി മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും സര്‍ക്കാരിനെതിരെ ജനകീയ സമരം ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

Related Articles