Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍ പ്രധാനമന്ത്രിയായി വീണ്ടും സഅദ് അല്‍ ഹരീരി

ബെയ്‌റൂത്ത്: ലെബനാന്‍ പ്രധാനമന്ത്രിയായി വീണ്ടും സഅദ് അല്‍ ഹരീരിയെ നാമനിര്‍ദേശം ചെയ്യപ്പെട്ടു. പ്രസിഡന്റ് മൈക്കല്‍ ഔന്‍ ആണ് ഹരീരിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച സുന്നി നേതാവ് കൂടിയായ ഹരീരി ഒരു വര്‍ഷത്തിനു ശേഷമാണ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുന്നത്.

പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം നേടിയ ഹരീരി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചേക്കും. രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളിലെ 65 എം.പിമാരാണ് ഹരീരിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ലെബനാനില്‍ നടക്കുന്ന നാലാമത്തെ സര്‍ക്കാര്‍ രൂപീകരണ ശ്രമമാണിത്.

അതേസമയം, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഹരീരിക്ക് വോട്ട് ചെയ്തില്ല. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ആവശ്യമുന്നയിച്ച പാര്‍ട്ടികളില്‍ ഒന്നായിരുന്നു ഹിസ്ബുള്ള. ഒക്ടോബര്‍ 29നാണ് രാജ്യത്ത് നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹരീരി പ്രധാനമന്ത്രി പദവി രാജിവെച്ചൊഴിഞ്ഞത്.

കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ലെബനാനില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ രൂപീകരണ ശ്രമമെല്ലാം പരാജയപ്പെടുകയായിരുന്നു. മന്ത്രിസഭ രൂപീകരിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അഴിമതി, കറന്‍സി ഇടിവ്, തൊഴിലില്ലായ്മ, ദാരിദ്ര്യ നിരക്ക് ഉയര്‍ന്നത്, ബാങ്ക് പ്രതിസന്ധി, കടം തുടങ്ങിയ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് രാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

 

Related Articles