Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നു; ആള്‍ക്കൂട്ടക്കൊല പരിശീലിപ്പിക്കാനെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: അടുത്ത വര്‍ഷത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സായുധ പരിശീലനം നല്‍കാന്‍ പുതിയ സൈനിക സ്‌കൂള്‍ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി. മുന്‍ ആര്‍.എസ്.എസ് മേധാവി രാജേന്ദ്ര സിങ് രാജു ഭയ്യയുടെ ഓര്‍മക്കായാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. എന്നാല്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്കുള്ള പരിശീലനം നല്‍കാനാണ് സ്‌കൂള്‍ ആരംഭിക്കുന്നതെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് വിമര്‍ശിച്ചു.

40 കോടിയിലധികം ചിലവില്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യമെന്താണ്. സര്‍ക്കാരിനു കീഴില്‍ അഞ്ച് സൈനിക് സ്‌കൂളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍.എസ്.എസിനു കീഴില്‍ എന്തിനാണ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നതെന്നും അഖിലേഷ് ചേദിച്ചു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കാണിതെന്നും ഇവിടെ ആള്‍ക്കൂട്ടക്കൊലയെക്കുറിച്ചും സാമൂഹിക ഐക്യങ്ങള്‍ തകര്‍ക്കുന്നതിനുള്ള പാഠങ്ങളുമാണ് പഠിപ്പിക്കപ്പെടുക എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഷിഖാര്‍പൂരിലാണ് സൈനിക പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യ ഭാരതിക്ക് കീഴിലാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധിക്കാനുള്ള പരിശീലനമാണ് നല്‍കുക എന്നാണ് അധികൃതര്‍ അറിയിച്ചത്.

സി.ബി.എസ്.ഇ സിലബസ് അനുസരിച്ചാകും സ്‌കൂളിലെ ക്ലാസുകള്‍. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയാണ് പ്രവേശനം. 2020 ഏപ്രിലോടെ ക്ലാസുകള്‍ ആരംഭിക്കും. 160 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കുക. വിദ്യാഭാരതിക്ക് കീഴില്‍ ഇന്ത്യയിലൊട്ടാകെ ഇരുപതിനായിരത്തോളെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

Related Articles