Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്കാര്‍ക്ക് അടിമപ്പണിയെന്ന്; ഖത്തറിനെതിരെ വ്യാജ ആരോപണവുമായി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഖത്തറിനെതിരെയുള്ള സംഘ്പരിവാറിന്റെ വെറുപ്പ് അവസാനിക്കുന്നില്ല. ഖത്തറിനെതിരെ സോഷ്യല്‍ മീഡിയ വഴി നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ബഹിഷ്‌കണാഹ്വാനങ്ങള്‍ നടത്തി സ്വയം അപഹാസ്യരാവുകയുമാണ് ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്.

ഇപ്പോഴിതാ ഖത്തറില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിമപ്പണിയാണെന്ന വ്യാജ ആരോപണം പ്രചരിപ്പിക്കുകയാണ് സംഘ്പരിവാര്‍ സൈബര്‍ വൃത്തങ്ങള്‍. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ഭാരതീ മസ്ദൂര്‍ സംഘ് (ബി.എം.എസ്) ആണ് കഴിഞ്ഞ ദിവസം വ്യാജ ആരോപണം ഉന്നയിച്ചത്. ജനീവയില്‍ നടക്കുന്ന 110ാമത് അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിലാണ് ബി.എം.എസിന്റെ ആരോപണം.

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളോട് അടിമത്തൊഴിലാളികളോടെന്ന പോലെയാണ് ഖത്തര്‍ സര്‍ക്കാരും ട്രേഡ് യൂണിയനും നടത്തുന്നതെന്നും ബി.എം.എസ് ആരോപിച്ചു.

ഇന്ത്യന്‍ തൊഴിലാളികളെ കൂടാതെ മറ്റ് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും കഫാല സമ്പ്രദായം പ്രയാസത്തിലാക്കുന്നു, തൊഴിലാളികളുടെ പാസ്‌പോര്‍ട് പിടിച്ചെടുക്കല്‍, മോശം ജീവിതസാഹചര്യങ്ങള്‍, ഓവര്‍ ടൈം ജോലിയെടുപ്പിക്കല്‍, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം, നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കല്‍ എന്നിങ്ങനെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ബി.എം.എസ് ഉന്നയിച്ചത്.

അതേസമയം, ആര്‍.എസ്.എസിന്റെ പ്രസ്താവനയില്‍ ഖത്തറോ ഇന്ത്യന്‍ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles