Current Date

Search
Close this search box.
Search
Close this search box.

സംവരണ അട്ടിമറി: സമരം ശക്തമാക്കാനൊരുങ്ങി സമസ്ത

കോഴിക്കോട്: മുന്നോക്ക സംവരണം നടപ്പിലാക്കി പിന്നോക്ക സംവരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി സമസ്ത. ഉദ്യോഗ-വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകളുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നാണ് സമസ്ത അറിയിച്ചത്.

നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സവര്‍ണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നത്. പതിറ്റാണ്ടുകളായി ഈ അനീതി നടന്നു കൊണ്ടിരിക്കുന്നു. ഇതിനിടെയാണ് യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കെന്ന പേരില്‍ 10% സംവരണം നടപ്പിലാക്കുന്നത്.ഭരണഘടനയുടെയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് ഈ നടപടി.സംവരണത്തിന്റെ അടിസ്ഥാന ആശയം സാമൂഹ്യ മായും വിദ്യാഭ്യാസ പരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ്.സാമ്പത്തികം ഇതില്‍ പ്രശ്‌നമേ ആകുന്നില്ല. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്വത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പി ലെത്തിക്കുക എന്നതാണെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് സമസ്തയും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ ഉടന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും. നവംബര്‍ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും. നവംബര്‍ ആറിന് ജുമുഅക്ക് ശേഷം പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മേഖലാ തലങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കുമെന്നും സമസ്ത അറിയിച്ചു.

Related Articles