Current Date

Search
Close this search box.
Search
Close this search box.

സൗഹാര്‍ദ്ദം തകര്‍ക്കുന്നതില്‍ നിന്ന് മതമേലധ്യക്ഷന്‍മാര്‍ പിന്മാറണം: കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സഹോദര്യവും തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മതമേലധ്യക്ഷന്‍മാരില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് അപലപനീയമാണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) നിര്‍വാഹകസമിതി യോഗം പ്രസ്താവിച്ചു.

മതവിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനും അത് വഴി രാഷ്ട്രീയ ലാഭമുണ്ടാക്കുവാനും ഗൂഢശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന നിലപാടുകള്‍ ഉണ്ടാവാന്‍ പാടില്ലാതത്തതാണ്. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെ കുറിച്ചും അസത്യങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞ പുസ്തകങ്ങള്‍ വേദ പഠന ക്ലാസുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ഭീതിയുണ്ടാക്കുന്നതാണ്. തെറ്റിദ്ധാരണകള്‍ നീക്കാനും സൗഹാര്‍ദ്ദം നിലനിര്‍ത്താനും സമുദായത്തിന്റെ മുന്നില്‍ നടക്കേണ്ട മതമേലധ്യക്ഷന്മാരും പുരോഹിതന്മാരും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ല.

മതപണ്ഡിതന്മാര്‍ ഒന്നിച്ചിരുന്ന് തെറ്റിദ്ധാരണകള്‍ തിരുത്താന്‍ അവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കെ.ജെ.യു ആവശ്യപ്പെട്ടു. ടി.പി അബ്ദുല്ലക്കോയ മദനി, പി. മുഹ്യിദ്ദീന്‍ മദനി, പി.പി മുഹമ്മദ് മദനി, വി.വി അബൂബക്കല്‍ മൗലവി, അബ്ദുറഹ്‌മാന്‍ മദനി പാലത്ത്, സലീം സുല്ലമി, പ്രൊഫ. എന്‍.വി സക്കരിയ്യ, ഡോ. ഫദ്‌ലുല്ല, എം.എം നദ്‌വി, പ്രൊഫ മായിന്‍കുട്ടി സുല്ലമി, ഡോ. മുഹമ്മദ് അലി അന്‍സാരി, ഹനീഫ് കായക്കൊടി സംസാരിച്ചു.

Related Articles