Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: റാഷിദ് ഗനൂഷിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൂനിസ്: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. മുന്‍ തുനീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കറും അന്നഹ്ദ പാര്‍ട്ടി നേതാവുമായ റാഷിദ് ഗനൂഷിയടക്കമുള്ള നിരവധി എതിരാളികളുടെ ബാങ്ക് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ‘ഭീകരവിരുദ്ധ യജ്ഞത്തിലെ അന്വേഷണ ജഡ്ജിയുടെ വിധി ഉടന്‍ നടപ്പാക്കണം’ തുനീഷ്യന്‍ ഫിനാന്‍ഷ്യല്‍ അനാലിസിസ് കമ്മിറ്റി ബുധനാഴ്ച ഒരു പ്രസ്താവനയിലൂടെ ബാങ്കുകളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗന്നൂഷിയെക്കൂടാതെ മകന്‍ മൗദ്, മുന്‍ പ്രധാനമന്ത്രി ഹമാദി ജിബാലി, മുന്‍ വിദേശകാര്യ മന്ത്രി റഫീക് അബ്ദുസ്സലാം എന്നിവരുള്‍പ്പെടെയുള്ള പട്ടികയാണ് പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം അന്നഹ്ദയുടെ പ്രധാന നേതൃത്വങ്ങളാണ്. കഴിഞ്ഞ മാസം അവസാനം ഗന്നൂഷിക്ക് കോടതി യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ജൂലായ് 19ന് അന്വേഷണ ജഡ്ജിക്ക് മുന്നില്‍ ഹാജരാകാന്‍ ഗനൂഷിക്ക് സമന്‍സും അയച്ചിട്ടുണ്ട്.
ഗന്നൂച്ചി അനധികൃത പണമൊന്നും കൈവശം വച്ചിട്ടില്ലെന്നും സഈദിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതനത്തിനുശേഷം രാജ്യത്തേക്ക് മടങ്ങിയതു മുതല്‍ തുനീഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ആളുകളില്‍ ഒരാളാണ് ഗനൂഷി.

മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതും ബുന്‍ അലിയുടെ കീഴില്‍ നിരോധിക്കപ്പെട്ടതുമായ ‘മുസ്ലിം ഡെമോക്രാറ്റ്’ പാര്‍ട്ടിയായ അന്നഹ്ദ കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പിരിച്ചുവിട്ട പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായിരുന്നു അന്നഹ്ദ.

Related Articles