Current Date

Search
Close this search box.
Search
Close this search box.

റഹ്മാന്‍ മുന്നൂര്‍ അന്തരിച്ചു

കോഴിക്കോട്: ബഹുഭാഷ പണ്ഡിതനും എഴുത്തുകാരനും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) മുന്‍ എഡിറ്ററുമായ റഹ്മാന്‍ മുന്നൂര്‍ (61) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 2.30ഓടെയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ഇന്ന് (വെള്ളി) വൈകീട്ട് നാലു മണിക്ക് മുന്നൂര്‍ സുന്നി ജുമാ മസ്ജിദില്‍ വെച്ച് നടക്കും. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുന്നൂര്‍ പാറക്കാന്‍തൊടി തെക്കേക്കാരന്‍ മുഹമ്മദിന്റെയും ആമിനയുടെയും മകനായി 1956 ഡിസംബര്‍ 22നായിരുന്നു ജനനം. അറബി,ഇംഗ്ലീഷ്,ഉറുദു ഭാഷകളില്‍ നിന്നും പുസ്തകങ്ങളും കൃതികളും അനായാസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന കേരളത്തിലെ അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു റഹ്മാന്‍ മുന്നൂര്‍.

ശാന്തപുരം ഇസ്‌ലാമിയ കോളജില്‍ നിന്ന് ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം.എയും കരസ്ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ ഐ.പി.എച്ച് എഡിറ്ററായി 2017ല്‍ വിരമിച്ച അദ്ദേഹം നേരേത്ത ഇസ്‌ലാമിക വിജ്ഞാന കോശം അസോ.എഡിറ്റര്‍, ആരാമം ചീഫ് എഡിറ്റര്‍, പ്രബോധനം വാരിക സബ് എഡിറ്റര്‍, ബോധനം ത്രൈമാസിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഇടക്കാലത്ത് സൗത്ത് വിഷന്‍, ധര്‍മധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. നിരവധി ഓഡിയോ കാസറ്റുകള്‍ക്കും സി.ഡികള്‍ക്കും ഗാനരചന നടത്തുകയും ടെലിവിഷന്‍ പരിപാടികള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

പ്രധാന കൃതികള്‍: സര്‍വത്ത് സൗലത്തിന്റെ ഇസ്‌ലാമിക ചരിത്ര സംഗ്രഹം (നാല് വാല്യം), അബ്ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിത ലക്ഷ്യം, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ ആത്മസംസ്‌കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിന്റെ പ്രാമാണികത, വ്രതാനുഷ്ഠാനം, താരീഖ് സുവൈദാന്റെ ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം, അബ്ദുല്ല അടിയാറിന്റെ ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം,സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ നിഫാഖ് അഥവാ കാപട്യം(വിവര്‍ത്തനങ്ങള്‍),സൂഫിക്കഥകള്‍, സഅദി പറഞ്ഞ കഥകള്‍, മുഹമ്മദലി ക്ലേ, മര്‍യം ജമീല, കുട്ടികളുടെ മൗദൂദി തുടങ്ങിയവ സ്വന്തം കൃതികളാണ്.

സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മാസ്റ്റര്‍ പീസായ ‘മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്റെ വിവര്‍ത്തനമായ ‘മുസ്‌ലിംകളുടെ അധഃപതനവും ലോകത്തിന്റെ നഷ്ടവും’ എന്ന കൃതിക്ക് അറബിയില്‍നിന്നുള്ള മലയാള വിവര്‍ത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാര്‍ഡ് റഹ്മാന്‍ മുന്നൂരിന് ലഭിച്ചു.

ഭാര്യ:പി.കെ. ഹഫ്‌സ. മക്കള്‍: കാമില്‍ നസീഫ്(ദോഹ), നശീദ(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ആദില്‍ നസീഹ്( യു.എ.ഇ),നസീബ് നസീം, സബാഹ്.
മരുമക്കള്‍: റംഷി, ഹസീബ് ചേളന്നൂര്‍, ജസ്‌ന. സഹോദരങ്ങള്‍: പരേതരായ പി.ടി. അബ്ദുല്ല മൗലവി, മമ്മദ് കുട്ടി, പാത്തുമ്മ, ഖദീജ.

 

Related Articles