Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രപതിയുടെ ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തി; മെഡല്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനി

പോണ്ടിച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്നും മുസ്‌ലിം വിദ്യാര്‍ഥിനിയായ റബീഹ അബ്ദുറഹീമിനെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച് ഗോള്‍ഡ് മെഡല്‍ അവര്‍ ബഹിഷ്‌കരിച്ചു.

എം.എ മാസ്‌കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയും റാങ്ക് ഹോള്‍ഡറുമാണ് റബീഹ. കാരണം വിശദീകരിക്കാതെ മലയാളി വിദ്യാര്‍ഥി കൂടിയായ റബീഹയെ ചടങ്ങില്‍ നിന്നും പൊലിസ് ഇടപെട്ട് പുറത്താക്കുകയായിരുന്നു. ചടങ്ങില്‍ നിന്നും രാഷ്ട്രപതി പോയതിന് ശേഷമാണ് അവരെ തിരിച്ച് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

‘എന്തുകൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രാഷ്ട്രപതി പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ അകത്തുകയറ്റിയത്. എന്നെ മാത്രമാണ് പുറത്താക്കിയത്. എനിക്ക് വല്ലാത്ത നിരാശയും സങ്കടവും തോന്നി. എന്നെ പുറത്താക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാനായിരുന്നു ഞാന്‍ മെഡല്‍ നിരസിച്ചത്. മറ്റൊന്ന് പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും തെരുവില്‍ പോരാടുന്ന എല്ലാ വിദ്യാര്‍ഥികളോടും ഐക്യപ്പെട്ടാണ് ഞാന്‍ മെഡല്‍ നിരസിക്കുന്നത്’ റബീഹ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരത്തോട് ഐക്യപ്പെട്ടും കൂടിയാണ് അവര്‍ ഗോള്‍ഡ് മെഡല്‍ നിരസിച്ചത്. തങ്ങളെ സംബന്ധിച്ചിടത്തോളം പഠനം എന്നത് കേവലമായ സര്‍ട്ടിഫിക്കറ്റുകളോ മെഡലുകളോ നേടുന്നതല്ലെന്നും അനീതിക്കും ഫാസിസത്തിനെതിരെ ഐക്യപ്പെടാനും സമാധാനപരമായി എഴുന്നേറ്റ് നില്‍ക്കാനുമുള്ള പഠനമാണെന്നും അവര്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Articles