Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണവും -വീഡിയോ

ഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന വിവാദമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന സര്‍വ മത പ്രാര്‍ത്ഥനയില്‍ ഖുര്‍ആന്‍ പാരായണവും. സര്‍വ ധര്‍മ്മ പ്രാര്‍ത്ഥന എന്ന പേരിലാണ് വിവിധ മതങ്ങളിലെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള വാക്യങ്ങള്‍ വേദിയില്‍ പാരായണം ചെയ്തത്. ഖുര്‍ആനിലെ 55ാം അധ്യായമായ സൂറതുറഹ്‌മാനിലെ ആദ്യത്തെ 27 ആയത്തുകളാണ് ചടങ്ങില്‍ പാരായണം ചെയ്തത്. ഈ സമയം മോദി അടക്കമുള്ള ബി.ജെ.പി മന്ത്രിമാര്‍ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ ആയത്തുകളുടെ അര്‍ത്ഥം വിശദീകരിച്ചില്ല.

ഖുര്‍ആന് പുറമെ ബൈബിള്‍, ഭഗവത് ഗീത എന്നിവയില്‍ നിന്നുള്ള വാക്യങ്ങളും അതാത് മതസമുദായാംഗങ്ങള്‍ പാരായണം ചെയ്തു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രപതിയെ ഒഴിവാക്കിയും തീര്‍ത്തും ഹൈന്ദവ മതാചാരപ്രകാരവുമായിരുന്നു പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങുകള്‍. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇരുപതോളം ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജയോടെയും മന്ത്രോച്ചാരണത്തോടെയുമായിരുന്നു ചടങ്ങുകള്‍. പ്രത്യേകം തയാറാക്കിയ ഹോമമണ്ഡപത്തില്‍ മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ മോദി തീകുണ്ഡത്തിലേക്ക് എണ്ണ ഒഴിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചെങ്കോലിന് മുന്‍പില്‍ സാഷ്ടാംഗം നമിച്ച മോദിയെ സന്യാസിമാര്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കീഴില്‍ സമ്പൂര്‍ണ്ണമായി കാവിവത്കരിച്ചുകൊണ്ടുള്ള ചടങ്ങ് ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഹാസ്യ രൂപേണയാണ് ഈ വാര്‍ത്തയും ചിത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

വീഡിയോ; 

 

 

ചടങ്ങില്‍ പാരായണം ചെയ്ത ആയത്തുകളുടെ അര്‍ത്ഥം:

പരമകാരുണ്യവാനായ അല്ലാഹു, അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു, അവന്‍ മനുഷ്യനെ സൃഷ്ടിച്ചു, അവനെ സംസാരം അഭ്യസിപ്പിച്ചു. സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്. നക്ഷത്രങ്ങളും മരങ്ങളും അവന് പ്രണാമമര്‍പ്പിക്കുന്നു. അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്. ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു. അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും. വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. പുകയില്ലാത്ത അഗ്‌നിജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്റേതാണ്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്.

Related Articles