Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: പുനരുപയോഗിക്കാവുന്ന സ്‌റ്റേഡിയം നിര്‍മിച്ച് ഖത്തര്‍

ദോഹ: 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തര്‍ വിവിധങ്ങളായ വിശേഷങ്ങളാല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ചൂടിനെ പ്രതിരോധിക്കാന്‍ സ്റ്റേഡിയം മുഴുവന്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയും കടലില്‍ സ്റ്റേഡിയം നിര്‍മിച്ചും നേരത്തെ ഖത്തര്‍ ലോകശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ലോകത്തിലെ തന്നെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയം (reusable football stadium) ഒരുക്കി വ്യത്യസ്തമാവാനൊരുങ്ങുകയാണ് ഖത്തര്‍. അതായത് ലോകകപ്പ് കഴിഞ്ഞാല്‍ സ്റ്റേഡിയം പൂര്‍ണമായും എളുപ്പത്തില്‍ പൊളിച്ചു നീക്കാം എന്നതാണ് ഇത്തരം സ്റ്റേഡിയങ്ങളുടെ പ്രത്യേകത. സ്‌റ്റേഡിയം നിര്‍മിക്കാനുപയോഗിച്ച സാമഗ്രികകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. ഫിഫ ലോകകപ്പില്‍ ആദ്യമായാണ് ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌റ്റേഡിയം നിര്‍മിക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ജസീറയാണ് ഇതു സംബന്ധിച്ച വീഡിയോ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അല്‍ജസീറ റിപ്പോര്‍ട്ടര്‍ ലീഹ് ഹാര്‍ഡിങ് ആണ് നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് മാത്രമായി ഷിപ്പിങ് കണ്ടെയ്‌നറുകളടക്കം ഉപയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. മത്സരം കഴിഞ്ഞാല്‍ അതേ സ്ഥലം പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാണ് നിര്‍മാണം. രാജ്യത്തിന്റെ സുസ്ഥിരത ലക്ഷ്യമിട്ടാണ് ഖത്തര്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് സ്റ്റേഡിയം പ്രൊജക്റ്റ് മാനേജര്‍ മുഹമ്മദ് അല്‍ മുല്ല പറഞ്ഞു.

Related Articles