Current Date

Search
Close this search box.
Search
Close this search box.

പി.എസ്.സി ബുള്ളറ്റിനിലെ ഇസ്‌ലാമോഫോബിയ; എസ്.ഐ.ഒ ഡി.ജി.പിക്ക് പരാതി നല്‍കി

കോഴിക്കോട്: കോവിഡ് 19 പരത്തുന്നത് തബ്ലീഗ് ജമാഅത്ത് ആണെന്ന വംശീയ വിദ്വേഷം പരത്തുന്നതും മുസ്ലിം സമുദായത്തിനെ അപകീര്‍ത്തിപ്പെടുന്നതും മതസമുദായങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതുമായ ചോദ്യോത്തരം പ്രസിദ്ധീകരിച്ച, കേരള പി.എസ്.സി ബുള്ളറ്റിന്‍ സമകാലിക പംക്തി തയാറാക്കിയ ശ്രീകുമാര്‍ എ, രാജേഷ് കുമാര്‍ ബി, എഡിറ്റര്‍ സാജു ജോര്‍ജ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഐ.ഒ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് പരാതി സമര്‍പ്പിച്ചു. കേരള പി.എസ്.സി ക്ക് സമകാലികം പംക്തിയില്‍ വന്ന പരാമര്‍ശത്തില്‍ പങ്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കിയതോടെ, പി.എസ്.സി യുടെ അറിവോടെയല്ലാതെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചെയ്ത ക്രിമിനല്‍ കുറ്റമായിട്ട് ഇവരുടെ പ്രവര്‍ത്തിയെ മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ബിനാസ് ടി.എ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

2020 ഏപ്രില്‍ 15നു ജടഇ പുറത്തിറക്കിയ ബുള്ളറ്റിനിലെ സമകാലികം (പേജ് 16) പംക്തിയിലാണ് ”രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കോവിഡ്-19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ്‌ലീഗ് മതസമ്മേളനം നടന്നത് നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)” എന്ന ചോദ്യോത്തരം പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ കോവിഡ്-19 പടരുന്നതില്‍ ഡല്‍ഹിയില്‍ നടന്ന തബലീഗി ജമാഅത്ത് കണ്‍വെന്‍ഷന് പങ്കില്ലെന്ന് ശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ (Indian Scientists’ Response to Covid-19 – ISRC) പ്രസ്താവനയെയും തബ്ലീഗ് ജമാഅത്തിന്റെ പേരില്‍ വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെയും മുഖവിലക്കെടുക്കാതെയാണ് വംശീയത പരത്തുന്നതും വാസ്തവിരുദ്ധവുമായ ചോദ്യം പി.എസ്.സി ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത്.

പി.എസ്.സി ക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് പറഞ്ഞത് കൊണ്ടോ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച പംക്തിയില്‍ തിരുത്തല്‍ വരുത്തിയത് കൊണ്ടോ ചെയ്ത പ്രവര്‍ത്തി കുറ്റകരമല്ലാതായിത്തീരുന്നില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ,153 A, 295A, 505(1)(ര) അടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും ഉചിതമായ നടപടികള്‍ കാരണക്കാരായവര്‍ക്കെതിരെ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Related Articles