Current Date

Search
Close this search box.
Search
Close this search box.

ഹിജാബിന് വിലക്കുള്ള പ്രൊവിഡന്‍സ് സ്‌കൂളിന് ഒപ്പനയില്‍ എ ഗ്രേഡ്; ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

കോഴിക്കോട്: മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്ലസ് വണിന് അഡ്മിഷന്‍ കിട്ടിയ പെണ്‍കുട്ടി അഡ്മിഷനെടുക്കാന്‍ ഹിജാബ് ധരിച്ച് വന്നപ്പോള്‍ സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നാണ് പ്രിന്‍സിപ്പള്‍ അറിയിച്ചിരുന്നത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ടി.സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു. സംഭവത്തിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ഇതേ സ്‌കൂളിനാണ് എ ഗ്രേഡ് ലഭിച്ചത്. സ്‌കൂളിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് അനുവദിക്കില്ലെന്നും എന്നാല്‍ സ്‌കൂളിന് ഗ്രേഡ് ലഭിക്കാന്‍ ഇതേ വിദ്യാര്‍ത്ഥികളെ കൊണ്ട് ഹിജാബ് അണിയിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്.

ഗ്രേസ് മാര്‍ക്ക് ലഭിക്കാനും സ്‌കൂളിന് പേരും പ്രശസ്തിയും ലഭിക്കാനും വിദ്യാര്‍ത്ഥികളെ കൊണ്ട് ഹിജാബ് അണിയിപ്പിക്കുകയും എന്നാല്‍ ഇതേ സ്‌കൂളില്‍ പഠിക്കാനായി ഹിജാബ് അണിയുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നത് കാപട്യമാണെന്നും പലരും പോസ്റ്റ് ചെയ്തു.
‘ഫുള്‍ എ പ്ലസ് മായി എസ്എസ്എല്‍സി പാസായ തട്ടമിട്ട ഒരു കുട്ടി പ്ലസ് വണ്‍ അഡ്മിഷന് ചെന്നപ്പോള്‍ തട്ടമിട്ടതിന്റെ പേരില്‍ ഈ വര്‍ഷം പ്രവേശനം നിഷേധിച്ച സ്‌കൂള്‍, തട്ടമിട്ടവരെ അണിനിരത്തി ഒപ്പനയില്‍ എ ഗ്രേഡ് നേടി!’ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.

ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് നേരത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക് നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Related Articles