Current Date

Search
Close this search box.
Search
Close this search box.

‘ഈ വ്യവസ്ഥ മാറിയേ പറ്റൂ’ ; തുനീഷ്യയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

തൂനിസ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം സര്‍ക്കാറിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു. തുനീഷ്യയിലെ നിലവിലെ ഭരണ വ്യവസ്ഥ മാറിയേ പറ്റൂ എന്ന് ഉയര്‍ത്തിപ്പിടിച്ച് ചൊവ്വാഴ്ചയും തുനീഷ്യയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി.

നിലവിലെ ഭരണകൂടത്തിന്റെ പതനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രക്ഷോഭകര്‍ മുന്നോട്ടുവെച്ചു. കഴിഞ്ഞ ദിവസം തൂനിസിലെ സീദി ബൗസിദ് നഗരത്തിന് സമീപത്ത് നൂറുകണക്കിന് പേരാണ് ഒരുമിച്ചു കൂടിയത്. 2011ലെ മുല്ലപ്പൂ വിപ്ലവം സമാരംഭം കുറിച്ചത് ഇവിടെ നിന്നായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി തുനീഷ്യയില്‍ പ്രക്ഷോഭം രൂക്ഷമാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ഗ്രനേഡും ലാത്തിച്ചാര്‍ജും നടത്തി. സുരക്ഷസേനക്ക് നേരെ ജനങ്ങള്‍ കല്ലേറ് നടത്തി. തൂനീസില്‍ പകല്‍സമയത്തും മറ്റു നഗരങ്ങളില്‍ രാത്രിയുമാണ് പ്രതിഷേധം കനക്കുന്നത്.

‘രാജ്യത്തെ മുഴുവന്‍ സിസ്റ്റവും മാറണം… ഞങ്ങള്‍ തെരുവുകളിലേക്ക് മടങ്ങും, 2011ലെ വിപ്ലവത്തിനുശേഷം അഴിമതിക്കാരായ ഒരു വരേണ്യവര്‍ഗം പിടിച്ചെടുത്ത ഞങ്ങളുടെ അവകാശങ്ങളും അന്തസ്സും ഞങ്ങള്‍ വീണ്ടെടുക്കും. ഞങ്ങള്‍ക്ക് ജോലി വേണം- പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.’

മുന്‍പ് അറബ് വസന്തത്തിന്റെ സമയത്ത് രാജ്യത്ത് ദീര്‍ഘകാലം ഏകാധിപത്യ ഭരണം കാഴ്ചവെച്ച സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതനത്തിന് കാരണവും ഇത്തരത്തിലുള്ള ജനകീയ പ്രക്ഷോഭമായിരുന്നു.

Related Articles