Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അര്‍മേനിയയില്‍ പ്രക്ഷോഭം

യരീവാന്‍: അര്‍മേനിയന്‍ പ്രധാനമന്ത്രി നികോള്‍ പാഷിന്‍യാന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍. കഴിഞ്ഞ ആറാഴ്ചയിലധികമായി തുടര്‍ന്നു വന്ന നഗോര്‍ണോ-കരാബാക് മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ മേഖല അസര്‍ബൈജാന്‍ സ്വന്തമാക്കി എന്നാരോപിച്ചാണ് പ്രതിഷേധം. തലസ്ഥാനമായ യരീവാനിലെ പാര്‍ലമെന്റിനു മുന്നിലാണ് ആയിരങ്ങള്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും പ്രതിഷേധം കനക്കുകയാണ്. നികോള്‍ രാജ്യദ്രോഹിയാണ് എന്ന പ്ലക്കാര്‍ഡും മുദ്രാവാക്യവും ഉയര്‍ത്തിയാണ് പ്രതിഷേധം. കരാറില്‍ ഒപ്പുവെച്ചത് വലിയ പരാജയവും ദുരന്തവുമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നികോള്‍ അധികാരമൊഴിയണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

അതേസമയം, രാജി ആവശ്യം നിരസിച്ച് നിക്കോള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ തര്‍ക്കപ്രദേശം അസര്‍ബൈജാന്‍ അനുകൂലമായി നല്‍കുന്ന തരത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. ആറ് ആഴ്ചയിലധികമായി തുടരുന്ന അര്‍മേനിയ- അസര്‍ബൈജാന്‍ രാജ്യങ്ങള്‍ തമ്മിലെ സംഘര്‍ഷ ഭൂമിയായ നഗോര്‍ണോ-കാരാബാഹില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റഷ്യ, അര്‍മേനിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ സംയുക്തമായാണ് വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്.

റഷ്യ, അര്‍മേനിയ, അസര്‍ബൈജാന്‍ എന്നീ ത്രിരാഷ്ട്ര പ്രതിനിധികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവന മേഖലയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് തീരുമാനമായത്. നേരത്തെയും വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചിരുന്നില്ല.

സെപ്റ്റംബര്‍ 27ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍ നിന്നുമായി ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സൈനിക അംഗങ്ങളാണ്. 2016 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നഗോര്‍ണോ-കരാബാക് മേഖലയെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗത്ത് സൈനിക നിയമം പ്രഖ്യാപിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അസര്‍ബൈജാന്‍ ഇവിടെ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. തര്‍ക്കപ്രദേശമായ നഗോര്‍ണോ-കരാബാക് മേഖല അന്താരാഷ്ട്രതലത്തില്‍ അസര്‍ബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ 1990 മുതല്‍ ഇവിടെ വംശീയ ഭൂരിപക്ഷമുള്ള അര്‍മേനിയക്കാര്‍ അര്‍മേനിയയുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്.

Related Articles