Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് ഗ്രാന്റ് മുഫ്തിക്കെതിരെ പ്രതിഷേധവുമായി അലീഗഢ് വിദ്യാര്‍ഥികള്‍

അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ സന്ദര്‍ശനത്തിനെത്തിയ ഈജിപ്ത് ഗ്രാന്റ് മുഫ്തി ശൗഖി ഇബ്റാഹീം അബ്ദുല്‍ കരീം അല്ലാമിനെതിരെ പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ഥികള്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംബന്ധിക്കാനായി എത്തിയപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സീസി ഗവണ്‍മെന്റിനെ അംഗീകരിക്കുന്നതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. സീസി ഗവണ്‍മെന്റിന്റെ ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ എല്ലാ നടപടികളെയും പിന്തുണച്ച മുഫ്തി അല്ലാം രാഷ്ട്രീയ തടവുകാരുടെ മരണവാറന്റില്‍ ഒപ്പു വെച്ചു കൊണ്ട് രാഷ്ട്രീയ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഈജിപ്തിന്.

‘ദി അലീഗഢ് ഡയലോഗ’് എന്ന വിദ്യാര്‍ഥി കൂട്ടായ്മ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാന്റ് മുഫ്തിയുടെ സ്വീകരണ പരിപാടി നടക്കുന്ന കെന്നഡി ഓഡിറ്റോറിയത്തിലേക്ക് പ്ലകാര്‍ഡുകളുമായി പ്രവേശിച്ച വിദ്യാര്‍ഥികളെ പ്രോക്ടര്‍ പുറത്താക്കിയപ്പോള്‍ ഓഡിറ്റോറിയത്തിന് പുറത്ത് ലഘുലേഖകള്‍ വിതരണം ചെയ്തും മുദ്രാവാക്യം മുഴക്കിയും വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു.

ഏകാധിപത്യ ഗവണ്‍മെന്റിന് അനുകൂലമായി നിലകൊള്ളുന്ന മുഫ്തി അല്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വായിച്ച ശേഷം ധാരാളം പേര്‍ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത് പ്രതിഷേധത്തിന്റെ വിജയമാണെന്ന് ദി അലീഗഢ് ഡയലോഗ് ഭാരവാഹികള്‍ പ്രസ്താവിച്ചു. നിദാല്‍ സിറാജ്, അന്‍സാറുല്‍ ഇസ്ലാം, അഹ്‌മദ് യാസീന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Related Articles