Current Date

Search
Close this search box.
Search
Close this search box.

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

ഷിവമോഗ: കര്‍ണാടകയിലെ ഷിവമോഗയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിന്റെ ഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും പ്രകടനം നടത്തുന്നതിനും മൂന്ന് ദിവസത്തേക്ക് വിലക്കുണ്ട്.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വി.ഡി സവര്‍ക്കറുടെ ചിത്രം ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്. ഷിവമോഗയിലെ അമീര്‍ അഹ്‌മദ് സര്‍ക്കിളില്‍ ആയിരുന്നു സംഭവം.

തുടര്‍ന്ന് ഏതാനും പേര്‍ സ്ഥലത്തെത്തുകയും സവര്‍ക്കറുടെ ചിത്രം എടുത്തു മാറ്റി മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ഹിന്ദു-മുസ്ലിം സംഘര്‍ഷമായി മാറുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പൊലിസെത്തി ലാത്തി ചാര്‍ജ് നടത്തിയാണ് ഇരു കൂട്ടരെയും പിരിച്ചുവിട്ടത്. സ്ഥലത്ത് പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles