Current Date

Search
Close this search box.
Search
Close this search box.

നബിയോരം നവ്യാനുഭവമായി

ദോഹ: പ്രവാചക ഓര്‍മ്മകളിലൂടെ പാട്ടും പറച്ചിലുമായി നബിയോരം നവ്യാനുഭവമായി. ഓട്ടോ ഫാസ്റ്റ്ട്രാക്ക് ട്രേഡിങ്ങിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം ഖത്തര്‍ അണിയിച്ചൊരുക്കിയ പരിപാടി യൂത്ത്‌ഫോറം ഫേസ്ബുക്ക് പേജ് തത്സമയ സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതിനോടകം തന്നെ ഏഴായിരത്തോളം ആളുകള്‍ വീക്ഷിച്ച പരിപാടി യൂത്ത്‌ഫോറം ഖത്തറിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉ്ദഘാടന പ്രഭാഷണം നടത്തി. പ്രവാചക ജീവിതം എല്ലാ കാലത്തും ജീവിക്കുന്നവര്‍ക്ക് മാതൃകയാണെനും അത് ഒരു ദിവസത്തെ മാത്രം ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കേണ്ട ഒന്നല്ല എന്നും അദ്ദേഹം ഉണര്‍ത്തി. ഇസ്ലാം എന്നത് മൂല്യങ്ങളാണ്, ആ മൂല്യങ്ങളെയാണ് പ്രവാചകന്‍ തന്റെ ജീവിതത്തില്‍ പഠിപ്പിച്ചത്. ആ ജീവിതമാണ് നമുക്ക് മാതൃക ആവേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചക ജീവിതത്തിന്റെ മഹനീയ മാതൃകയും പ്രവാചക ചരിത്രത്തില്‍ നിന്ന് നമ്മള്‍ ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും ചരിത്രങ്ങളും പങ്കു വെച്ചു കൊണ്ട് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ്,പാളയം ഇമാം വി.പി ശുഹൈബ് മൗലവി, പാടും പാതിരി എന്ന പേരില്‍ പ്രശസ്തനായ ഫാദര്‍ പോള്‍ പൂവത്തിങ്കല്‍, പ്രമുഖ പണ്ഡിതനും ജംഇയത്തുല്‍ ഉലമ ഹിന്ദ് കേരളാ ഘടകം ജനറല്‍ സെക്രട്ടറിയുമായ അലിയാര്‍ ഖാസിമി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി.ടി ശുഹൈബ് എന്നിവര്‍ സംസാരിച്ചു. ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ ആലപിച്ച പ്രവാചകരെ കുറിച്ചുള്ള ഗാനം ശ്രദ്ധ നേടി.

യുവ ഗായകരില്‍ പ്രശസ്തനായ ഇര്‍ഫാന്‍ എരൂത്, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ യുവ ഗായിക ഇശ്ഖ് റൂഹി, പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ഗഫൂര്‍ എം ഖയ്യാം, ദോഹയുടെ ഗായകന്‍ സക്കീര്‍ സരിഗ എന്നിവര്‍ പ്രവാചക സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങള്‍ ആലപിച്ചു. യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ്.മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കെട്ടിലും മട്ടിലും പുതുമ നിറഞ്ഞ അനുഭവമായി.

Related Articles