ദോഹ: സാംസ്‌കാരിക ആസ്ഥാനമായ കതാറയിലേക്കായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിന്റെ രാത്രിയില്‍ ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഒഴുക്ക്. അവസാന പത്തിലേക്ക് റമദാനെത്തിയതിന്റെ ആദ്യ രാവില്‍ കതാറയിലെ വിശാലമായ ആംഫി തിയറ്ററിന്റെ ഇരിപ്പിടങ്ങളിലിരുന്ന് അവര്‍ സംസ്‌കരണ ചിന്തകളിലേക്കിറങ്ങി.ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയവും കതാറ കള്‍ച്ചറല്‍ വില്ലേജും സംഘടിപ്പിക്കുന്ന കതാറ റമദാന്‍ സംഗമമായിരുന്നു വേദി.
ലോകശ്രദ്ധ നേടിയ ആംഫി തിയറ്ററില്‍ നടക്കുന്ന റമദാന്‍ സംഗമ വേദി ആദ്യമായി മലയാളി സമൂഹത്തിന് അനുവദിച്ചു നല്‍കിയപ്പോള്‍ രണ്ടായിരത്തോളം പേരുടെ ഇരിപ്പിടം നിറഞ്ഞു കവിഞ്ഞു. തിങ്ങിനിറഞ്ഞ ആംഫി തിയറ്റര്‍ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാന്‍ സംഗമവേദി കൂടിയായി. യുവ പണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച് ദോഹ ഡയറക്ടറുമായ ഡോ.അബ്ദുല്‍ വാസിഅ് ധര്‍മഗിരിയായിരുന്നു പ്രഭാഷണം നടത്തിയത്.
ജീവിതവിഭവങ്ങളുള്ളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റമദാനില്‍ നടക്കേണ്ടതെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. നോമ്പെടുത്തിട്ടും അയല്‍ക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടും. ദാനധര്‍മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവന്‍ വാങ്ങുന്നവന്‍ എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ റമദാന്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക വിഭാവന പൂര്‍ത്തിയാക്കപ്പെടുന്നില്ല.വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്റെ വേവലാതികളറിയാതെ ധൂര്‍ത്തും ദുര്‍വ്യയവുമായി ഇഫ്താറുകള്‍ ആഘോഷമാക്കുന്നവര്‍ നോമ്പിന്റെ പൊരുളറിയാത്തവരാണ്.
‘ഇസ്ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖം കൂടിയുണ്ട്.കര്‍മങ്ങളിലെ പോരായ്മകള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്ലാം.ദുര്‍ബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും,വിഭവങ്ങളുടെ പങ്കുവെപ്പും നിര്‍ബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹിക പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസി സംഘത്തിന് ജീവിത വിഭവങ്ങള്‍ വാരിക്കോരി നല്‍കി ചേര്‍ത്തു നിര്‍ത്തിയ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.ദുര്‍ബലന്റെ പ്രാര്‍ഥനകളാണ് ലോകത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പകലന്തിയോളം അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നു എന്ന ഒറ്റക്കാരണത്തിനല്ല നോമ്പെടുക്കുന്നവര്‍ക്ക് മഹോന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്.സമൂഹത്തിലെ വിശന്നു വലയുന്നവന്റെ വേവും നോവും അനുഭവിക്കാന്‍ നോമ്പുകാരന് കഴിയുന്നു എന്നത് കൊണ്ട് കൂടെയാണ്.ഡോ അബ്ദുല്‍ വാസിഅ് പറഞ്ഞു.
വിശപ്പറിയാതെ ഒരു സാമൂഹിക സന്തുലിതത്വം സാധ്യമാകുകയില്ല എന്നതത്രെ ഇസ്ലാമിക ദര്‍ശന മാഹാത്മ്യം.നോമ്പെടുത്തിട്ടും അയല്‍ക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടും.ദാന ധര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവന്‍ വാങ്ങുന്നവന്‍ എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ ഖുര്‍ആനികമായ വിഭാവന പൂര്‍ത്തിയാക്കപ്പെടുന്നില്ല.തുടര്‍ച്ചയായി രണ്ട് ദിവസം നോമ്പെടുക്കാമോ എന്ന് മതവിധി ആരായുന്നിടത്തോളം വിശപ്പിന്റെ നിലവിളികളുയരുന്ന ലോകത്ത് ദൂര്‍ത്തിന്റെ നോമ്പും ആഘോഷവും പുനര്‍വിചിന്തനത്തിന് വിധേയമാക്കണം.
ആരാണ് ഇന്ന് നോമ്പെടുത്തത്,രോഗിയെ സന്ദര്‍ശിച്ചത്,ദാനം ചെയ്തത് തുടങ്ങിയ അന്വേഷണങ്ങള്‍ ക്രമ പ്രകാരം ചോദിക്കപ്പെട്ടപ്പോള്‍ യഥാവിധി പ്രതികരിച്ച പ്രവാചകാനുചരന് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട ചരിത്രത്താളുകളിലും സമൂഹത്തോടുള്ള പ്രതിബദ്ധത തന്നെയാണ് പ്രകാശിച്ച് നില്‍ക്കുന്നത്.
അനുശാസിക്കപ്പെടുന്ന ആരാധനകള്‍ നിര്‍വഹിക്കുന്നു എന്നതിനപ്പുറം അല്ലാഹുവിന്റെ അടുത്ത് സ്വീകരിക്കപ്പെടുന്ന കര്‍മ്മമാകുന്നുണ്ടോ എന്നു വീണ്ടു വിചാരം നടത്തണം.ഹാബീലും ഖാബീലും നടത്തിയ ഖുര്‍ബാനിയില്‍ ഇടയനായ ഹാബീലിന്റെ കര്‍മ്മം സ്വീകരിക്കപ്പെട്ടതും കര്‍ഷകനായ ഖാബീലിന്റേത് നിരാകരിക്കപ്പെട്ടതും ഓര്‍മ്മയിലുണ്ടായിരിക്കണം.ജീവിത വിശുദ്ധിയുള്ളവന്റെ കര്‍മ്മം മാത്രമാണ് സ്വീകരിക്കപ്പെടുന്നത്.
അഞ്ചു നേരത്തെ നമസ്‌ക്കാരത്തിലൂടെ ചേര്‍ത്തു പിടിക്കാനും,നോമ്പിലൂടെ അഗതികളുടേയും അശരണരുടേയും വേപഥു തീച്ചറിയാനും,ദാന ധര്‍മ്മങ്ങളിലൂടെ സാമൂഹിക അസമത്വം ഇല്ലായ്മ ചെയ്യാനും,ഹജ്ജ് കര്‍മ്മത്തിലൂടെ മാനവിക വിളംബരം സാധ്യമാക്കാനും ഭൂമിക ഒരുങ്ങുമ്പോഴാണ് ഈ ദിവ്യ ദര്‍ശനം സാര്‍ഥകമാകുന്നത്.
ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളെ മുഖാ മുഖം കണ്ട് കൊണ്ടാണ് അനാഥനായ മുഹമ്മദ് വളര്‍ന്നു വന്നന്നത്.പരീക്ഷണങ്ങളുടെ ഉലയില്‍ ഊതിക്കാച്ചിയെടുക്കപ്പെട്ട മഹാ മനീഷിയിലൂടെ പൂവണിയാനിരുന്ന ദര്‍ശന മാഹാത്മ്യവും അരിക് വത്കരിക്കപ്പെട്ടവരുടെ തോഴനായ പ്രവാചക പ്രഭുവിന്റെ ജീവിതത്തിലെ ചുട്ടു പൊള്ളുന്ന അനുഭവങ്ങളെയും വിശ്വാസിയുടെ മനസ്സില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ പ്രഭാഷണത്തിന് ആയിരങ്ങള്‍ സാക്ഷിയായി.
ഖത്തറിലെ പ്രസിദ്ധമായ സാംസ്‌ക്കാരിക നഗരിയില്‍ മലയാളി സമൂഹത്തിന് ഇദംപ്രഥമമായി ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു റമദാന്‍ സംഗമം.വിജ്ഞാന സദസ്സില്‍ സി.ഐ.സി പ്രസിഡണ്ട് ടി.കെ ഖാസിം സാഹിബ് അധ്യക്ഷത വഹിച്ചു.
വ്രതം സത്യ വിശ്വാസിയുടെ പരിചയാണ് – സംരക്ഷണമാണ്.വ്രത വിശുദ്ധിയുടെ ദിന രാത്രങ്ങളിലൂടെ പുതിയ മനുഷ്യനായി സംസ്‌ക്കാര സമ്പന്നനായ മാതൃകാ വ്യക്തിത്വമായി പ്രശോഭിക്കാന്‍ നോമ്പ്കാരന് സാധിക്കണം.ജഡിലമായ മോഹങ്ങളെ നിയന്ത്രിക്കാനും ആത്മീയമായി ഉണരാനും ഉയരാനും നോമ്പ് അവസരമൊരുക്കുന്നു.ഇതിലൂടെ ജീവിതത്തിലെ വിവിധ മേഖലകളില്‍ മാതൃകായോഗ്യരായ മനുഷ്യനെ നോമ്പ് സംഭാവന ചെയ്യുന്നു.ദൈവ ബോധമുള്ള മനുഷ്യനെ സൃഷ്ടിച്ചെടുക്കാനുള്ള ശിക്ഷണ കാലമാണ് റമദാന്‍.ഇസ്ലാമിക സംസ്‌ക്കാരത്തിന്റെ യഥാര്‍ഥ സത്തയെ പൂര്‍ണ്ണാര്‍ഥത്തില്‍ സ്വാംശീകരിക്കാനുള്ള അസുലഭാവസരമാണ് നോമ്പ്. ആമുഖ ഭാഷണത്തില്‍ അധ്യക്ഷന്‍ ആഹ്വാനം ചെയ്തു.
ഡോ. അബ്ദുല്‍ വാസിഇനുള്ള മന്ത്രാലയത്തിന്റെ ഉപഹാരം അബ്ദുല്ലാഹ് ബിന്‍ സൈദ് കള്‍ച്ചറല്‍ സെന്റര്‍ കമ്യൂണിറ്റി മാനേജര്‍ നാസിര്‍ ബിന്‍ ഇബ്റാഹിം അല്‍ മന്നാഇ സമ്മാനിച്ചു. യാസിര്‍ ഇല്ലത്തൊടി പരിപാടി നിയന്ത്രിച്ചു. ഹംസ മുഹിയുദ്ദീന്‍ ഖിറാഅത്തും നൗഫല്‍ പാലേരി നന്ദിയും പറഞ്ഞു.