Current Date

Search
Close this search box.
Search
Close this search box.

ഗാന്ധി വധം പുന:രാവിഷ്‌കരണം: ഒളിവില്‍ കഴിഞ്ഞ പൂജ പാണ്ഡെ അറസ്റ്റില്‍

അലീഗഢ്: മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപിതാവിന്റെ രൂപത്തിനു നേരെ തോക്കുപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തിലെ മുഖ്യപ്രതിയും ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെ അറസ്റ്റില്‍. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ പൂജയെയും അവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയും കഴിഞ്ഞ ദിവസമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശിലെ അലീഗഢില്‍ നിന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

സംഭവത്തില്‍ പങ്കുള്ള രണ്ട് ഹിന്ദു മഹാസഭ നേതാക്കളെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30നാണ് അലീഗഢിലെ നൗറംഗാബാദില്‍ പൂജ ഷാകൂര്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മക വെടിവെപ്പ് നടത്തി ഗാന്ധി വധം പുനരാവിഷ്‌കരിച്ചത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പൂജയടക്കം 13 പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പൂജ പാണ്ഡെയും ഹിന്ദു മഹാസഭയുടെയും നേതൃത്വത്തില്‍ ഗാന്ധിയുടെ കോലം കത്തിക്കുകയും നാഥുറാം ഗോഡ്‌സെയ്ക്ക് ഹാരാര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഐ.പി.സി 153 എ, 295 എ, 147 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles