Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് കലാപത്തിന്റെ നേര്‍ചിത്രങ്ങളായ അശോക് മോച്ചിയുടെ കട ഉദ്ഘാടനം ചെയ്ത് ഖുത്ബുദ്ദീന്‍ അന്‍സാരി

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും എന്ന രീതിയില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമുണ്ടായിരുന്നു. അശോക് മോച്ചിയെന്ന സംഘ്പരിവാര്‍ കലാപകാരിക്ക് മുന്നില്‍ കൂപ്പുകൈകളോട് കൂടി നിറകണ്ണുകളാല്‍ കേണപേക്ഷിക്കുന്ന ഖുതുബുദ്ധീന്‍ അന്‍സാരിയുടെ ചിത്രമായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ പകയും വിദ്വേഷവും മറന്ന് ഇരുവരും ഉറ്റ സുഹൃത്തുക്കളായി നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം അശോക് മോച്ചി ആരംഭിച്ച കടയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അന്‍സാരി എത്തിയപ്പോഴാണ് വീണ്ടും ഇരുവരും വാര്‍ത്തകളിലെ ശ്രദ്ധാകേന്ദ്രമായത്. ‘ഏക്താ’ എന്ന പേരിലുള്ള ചെരുപ്പ് കടയുടെ ഉദ്ഘാടന ചടങ്ങിലാണ് അന്‍സാരി സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നത്.

ഗുജറാത്ത് കലാപത്തിന് വര്‍ഷങ്ങള്‍ക്കു ശേഷം അക്രമത്തിന്റെ മാര്‍ഗ്ഗം തള്ളിപ്പറഞ്ഞു അശോക് മോച്ചി രംഗത്തുവന്നിരുന്നു. പോയകാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണ് എന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാകട്ടെയെന്നും ഉദ്ഘാടനവേളയില്‍ അന്‍സാരി പറഞ്ഞു. ഇത് ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും ഒരു വീട് പോലും ഇല്ലാത്ത തനിക്ക് ഈ കട അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അശോക് മോച്ചി പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യരെന്ന നിലയില്‍ നമ്മളെല്ലാം ഒന്നാണെന്നും ഇതര മതങ്ങളെ ബഹുമാനിക്കുന്നവരാണ് എന്നും ഞങ്ങള്‍ക്ക് ലോകത്തെ പഠിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇരുവരും വിവിധ പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു.

Related Articles