Current Date

Search
Close this search box.
Search
Close this search box.

കോവിഡ് കാലത്തെ രണ്ടാം ഹജ്ജ്: തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിത്തുടങ്ങി

റിയാദ്: ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലമര്‍ന്നിട്ട് ഒന്നര വര്‍ഷം പിന്നിടുന്നതിനിടെ ഇസ്‌ലാം മത വിശ്വാസികളുടെ പ്രധാന ആരാധനയായ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുന്നു. കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ ഹജ്ജിനാണ് വരും ദിവസങ്ങളില്‍ മക്കയില്‍ സമാരംഭം കുറിക്കുക.

കഴിഞ്ഞ വര്‍ഷം കേവലം പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് അറുപതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പ്രവേശനമില്ല. സൗദിയില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരെയാണ് ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത്.

ഹജ്ജ് കര്‍മങ്ങള്‍ക്കായുള്ള ആദ്യ സംഘങ്ങള്‍ ശനിയാഴ്ച മുതല്‍ മക്കയിലെത്തിത്തുടങ്ങി. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് ത്വവാഫ് അടക്കമുള്ള ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുക. മക്ക ഗ്രാന്‍ഡ് മോസ്ഖില്‍ എത്തിയ തീര്‍ത്ഥാടകര്‍ ശനിയാഴ്ച തന്നെ ഇഹ്‌റാം കെട്ടി ത്വവാഫ് ആരംഭിച്ചു.

വേനല്‍ ചൂട് ശമിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള വിവിധ സൗകര്യങ്ങള്‍ മക്കയില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും ആറായിരം പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ത്വവാഫ് ചെയ്യാം. ഓരോ സംഘങ്ങളുടെയും ത്വവാഫിന് ശേഷം ഹറം പരിസരം അണുവിമുക്തമാക്കുമെന്നും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുറ്റമറ്റ രീതിയില്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായും ഹജ്ജകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles