മക്ക: ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫ സംഗമത്തിനൊരുങ്ങി പുണ്യനഗരിയും തീര്‍ത്ഥാടകരും. കോവിഡ് മഹാമാരിക്കാലത്ത് നടക്കുന്ന നിയന്ത്രണങ്ങളോടെയുള്ള രണ്ടാമത്തെ ഹജ്ജാണിത്. അറുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. 150ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.
ദുല്‍ഹജ്ജ് ഒന്‍പതിന് നടക്കുന്ന ഹജ്ജിലെ പ്രധാന ചടങ്ങായ അറഫയില്‍ സമ്മേളിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ മുതല്‍ ഹാജിമാര്‍ അറഫ ലക്ഷ്യമായി നീങ്ങിത്തുടങ്ങി. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെ വൈകീട്ടോടെ അറഫ സമ്മേളനം ആരംഭിക്കും.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച് മക്ക ഹറം പള്ളിയിലെ ഇമാമും ഖത്തീബുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല ആണ് ഇത്തവണ അററഫാ പ്രഭാഷണം നിര്‍വഹിക്കുക. പ്രഭാഷണം 10 ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യും.
ചൊവ്വാഴ്ച സൂര്യാസ്തമയം വരെ അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ തുടര്‍ന്ന് മുസ്ദലിഫയിലേക്ക് രാപ്പാര്‍ക്കാനായി നീങ്ങും. സൗദിയിലുള്ള ആയിരത്തോളം മലയാളികള്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേവലം പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ഉണ്ടായിരുന്നത്. മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പ്രവേശനമില്ല. സൗദിയില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരെയാണ് ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത്.
സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ത്വവാഫ് അടക്കമുള്ള ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത്. വേനല്‍ ചൂട് ശമിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള വിവിധ സൗകര്യങ്ങള്‍ മക്കയില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും ആറായിരം പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ത്വവാഫ് ചെയ്യാം. ഓരോ സംഘങ്ങളുടെയും ത്വവാഫിന് ശേഷം ഹറം പരിസരം അണുവിമുക്തമാക്കുമെന്നും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹജ്ജകാര്യ മന്ത്രാലയം അറിയിച്ചു.