തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ തെരുവില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍. ബിന്യമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കാരത്തെ എതിര്‍ത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
പ്രതിഷേധക്കാര്‍ തെല്‍അവീവിലെ പ്രധാന ഹൈവേ ഉപരോധിക്കുകയും തീ കത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി നെതന്യാഹുവിന്റെ ജറൂസലമിലെ സ്വകാര്യ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
ജുഡീഷ്യറിയുടെ അധികാരം പരിഷ്‌കരിക്കാനുള്ള നെതന്യാഹുവിന്റെ നടപടിക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ബിസിനസ്സ് നേതൃത്വങ്ങളെയും മുന്‍ സുരക്ഷാ മേധാവികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
യോവ് ഗാലന്റിനെ പുറത്താക്കിയത് സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു തയാറല്ലെന്നതിന്റെ തെളിവാണ്. ഈ നടപടിക്കെതിരെ ഭരണപാര്‍ട്ടിയായ ലുക്കുഡില്‍ നിന്ന് സംസാരിക്കുന്ന ആദ്യത്തെ മുതിര്‍ന്ന അംഗമാണ് ഗാലന്റ്. ആഴത്തിലുള്ള വിഭാഗീയത സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജുഡീഷ്യറിയുടെ അധികാരം പരിഷ്‌കരിക്കാനുള്ള നടപടി നിര്‍ത്തിവെക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് നെതന്യാഹുവിന്റെ വിശ്വസ്തനും സാംസ്‌കാരിക മന്ത്രിയുമായ മിക്കി സോഹര്‍ പറഞ്ഞു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL