Current Date

Search
Close this search box.
Search
Close this search box.

പെട്രോള്‍ വിലയില്‍ മൂന്നിരട്ടി വര്‍ധനവും റേഷന്‍ സംവിധാനവുമായി ഇറാന്‍

തെഹ്‌റാന്‍: മുന്നറിയിപ്പില്ലാതെ പെട്രോള്‍ വില മൂന്നിരട്ടി വര്‍ധിപ്പിച്ചതിന്റെ ഞെട്ടലിലാണ് ഇറാനികള്‍. ആദ്യമായി പെട്രോള്‍ വിതരണത്തില്‍ റേഷന്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി ജനങ്ങളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് ഇറാന്‍ ഭരണകൂടം.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ ദേശീയ എണ്ണ നിര്‍മാണ കമ്പനി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ സ്മാര്‍ട് ഫ്യുവല്‍ കാര്‍ഡ് വഴി രാജ്യത്തുടനീളം പെട്രോള്‍ വിതരണം ഇനി മുതല്‍ റേഷനിങ് വഴിയായിരിക്കുമെന്ന് അറിയിച്ചത്.

സ്വകാര്യ വാഹനങ്ങള്‍ക്ക് മാസം 60 ലിറ്റര്‍ പെട്രോള്‍ മാത്രമേ ഇനി മുതല്‍ ലഭിക്കൂ. പെട്രോള്‍ വില 50 ശതമാനം ഉയര്‍ന്ന് 15,000 ഇറാനിയന്‍ റിയാല്‍ ആയി വര്‍ധിച്ചിട്ടുണ്ട്. അനുവദിച്ച റേഷനില്‍ കൂടുതല്‍ എണ്ണ വേണമെങ്കില്‍ ഒരു ലിറ്ററിന് ഇരട്ടിയിലധികം നല്‍കണം. 30,000 റിയാലാണ് ഇങ്ങനെ വാങ്ങുന്ന പെട്രോളിന്റെ വില. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറാന്‍ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായാണ് വിലവര്‍ധന. യു.എസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം.

റേഷനിങ്ങിനു വേണ്ടി ഫ്യുവല്‍ കാര്‍ഡുകള്‍ പുനരവതരിപ്പിക്കാനിരുന്നപ്പോള്‍ തന്നെ ഇത് ഒരു തരത്തിലോ മറ്റൊരു തലത്തിലോ സംഭവിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു അര്‍ധരാത്രി ഇങ്ങനെ വില വര്‍ധിപ്പിച്ചത് എവിടെയും കാണാന്‍ സാധിക്കില്ല- ഇറാന്‍ പൗരനായ ഫര്‍ഷാദ് അല്‍ജസീറയോട് പറഞ്ഞു.

ആകസ്മികമായ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. വിവിധ നഗരങ്ങളില് പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ അരങ്ങേറി. ഒരാള്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles